തമിഴ്നാട്ടിൽ ‘ടേപ്പ്’ വിവാദം
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെയെ കുരുക്കാൻ ബി.ജെ.പി നീക്കം. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡുകൾ നടക്കവെ സംസ്ഥാന ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജന്റെ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടതാണ് പുതിയ സംഭവം.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ‘ഡി.എം.കെ ഫയലുകൾ’ എന്ന പേരിൽ ഡി.എം.കെ നേതാക്കളുടെയും മറ്റും അവിഹിത സ്വത്തുവിവരങ്ങൾ ഈയിടെ പുറത്തുവിട്ടിരുന്നു. ഇതോടൊപ്പം ഒരു ഓഡിയോ ടേപ്പും പുറത്തുവിട്ടു.
ഡി.എം.കെയിൽ സ്റ്റാലിന്റെ മകൻ ഉദയ്നിധിയും മരുമകൻ ശബരീശനും ആധിപത്യം പുലർത്തുന്നതായും 2019 മുതൽ ഡി.എം.കെ നേതാക്കളുടെ സ്വത്തുക്കൾ പതിന്മടങ്ങ് വർധിച്ചതായും മന്ത്രി പളനിവേൽ ത്യാഗരാജൻ പറയുന്നതായാണ് ഇതിൽ പ്രതിപാദിച്ചിരുന്നത്. എന്നാലിത് വ്യാജമാണെന്ന് മന്ത്രി പ്രതികരിച്ചു.
അണ്ണാമലൈയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദായ നികുതി വകുപ്പ് റെയ്ഡും അരങ്ങേറി. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച അണ്ണാമലൈ രണ്ടാമത്തെ ഓഡിയോ ടേപ്പ് തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചത്. ഡി.എം.കെക്കകത്തു നടക്കുന്ന അധികാര തർക്കങ്ങളും സാമ്പത്തിക കിടമത്സരങ്ങളും വെളിവാക്കുന്നതാണിതെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.
ഡി.എം.കെയിൽ എം.എൽ.എമാരും ജില്ല സെക്രട്ടറിമാരും മന്ത്രിമാരുമാണ് മുഴുവൻ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അഴിമതി പണം മുഴുവനും ഇവരാണ് കൈകാര്യം ചെയ്യുന്നതെന്നും പാർട്ടി പ്രവർത്തനവും സംസ്ഥാന ഭരണവും വേർതിരിച്ച് നിർത്തണമെന്നും ബി.ജെ.പിയിൽ തനിക്കിഷ്ടപ്പെട്ടത് ഇതാണെന്നും പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ ടേപ്പിലെ സംഭാഷണത്തിൽ പറയുന്നുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖ യൂട്യുബറും ബി.ജെ.പി കേന്ദ്രങ്ങളും ചേർന്ന് വ്യാജമായി സൃഷ്ടിച്ചതാണ് വ്യാജ ഓഡിയോ ടേപ്പുകളെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും ഡി.എം.കെ നേതൃത്വം അറിയിച്ചു. അണ്ണാമലൈക്കെതിരെ ഉദയ്നിധി ഉൾപ്പെടെ മന്ത്രിമാരും നേതാക്കളും അപകീർത്തി കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.