ചുമതല കൈമാറിയില്ല, സ്കൂളിലെത്തിയ സംഘം പ്രിൻസിപ്പലിനെ പിടിച്ച് പുറത്താക്കി
text_fieldsലഖ്നോ: പ്രയാഗ്‌രാജ് ബിഷപ് ജോൺസൺ ഗേൾസ് സ്‌കൂളിൽ പഴയ പ്രിൻസിപ്പലിന് നേരെ ബലപ്രയോഗം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ബിഷപ് ജോൺസൺ ഗേൾസ് ഹൈസ്‌കൂളിൽ പഴയ പ്രിൻസിപ്പലിനെ ബലമായി പുറത്താക്കിയാണ് പുതിയ പ്രിൻസിപ്പൽ നിയമനം. പരുൾ ബൽദേവ് സോളമനെയാണ് പുറത്താക്കിയത്.
ഒരു സംഘം ആളുകൾ സ്കൂളിലേക്ക് വരുകയും പ്രിൻസിപ്പൽ പരുൾ ബൽദേവ് സോളമനെ ബലമായി പുറത്താക്കുകയും പുതിയ പ്രിൻസിപ്പലായി ഷെർലി മസിഹിനെ നിയമിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മുൻ ബിഷപ് പീറ്റർ ബൽദേവിൻ്റെ മകളായ പരുൾ, ചുമതല കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബലപ്രയോഗം നടന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. തർക്കത്തെ തുടർന്ന് പരുൾ സോളമൻ കേണൽഗഞ്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിഷപ് മോറിസ് എഡ്ഗർ ഡാനും അദ്ദേഹത്തിന്‍റെ അനുയായികളും ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരുൾ പരാതിയിൽ ആരോപിച്ചു.
ലഖ്നോ രൂപതയുടെ മാനേജ്‌മെൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് ഇതിലേക്ക് നയിച്ചത്. അടുത്തിടെ മോറിസ് എഡ്ഗർ ഡാൻ ലഖ്നോ രൂപതയുടെ ബിഷപായി ചുമതലയേൽക്കുകയും പ്രയാഗ്‌രാജ് ബിഷപ്പ് ജോൺസൺ ഗേൾസ് സ്‌കൂൾ ആൻഡ് കോളേജിലെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് പരുൾ ബൽദേവ് സോളമനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.