ടെലിഗ്രാഫ് ‘എഡിറ്റർ അറ്റ് ലാർജ്’ ആർ. രാജഗോപാൽ രാജിവെച്ചു
text_fieldsന്യൂഡൽഹി: വായനക്കാരെ ആകർഷിച്ച തലക്കെട്ടുകൾകൊണ്ട് ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’നെ ശ്രദ്ധേയനാക്കിയ പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ പത്രത്തിന്റെ ‘എഡിറ്റർ അറ്റ് ലാർജ്’ സ്ഥാനം രാജിവെച്ചു. പത്രത്തിന്റെ ദൈനംദിന മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റർ ചുമതലയിൽനിന്നും സ്ഥാനക്കയറ്റം നൽകി ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പുതിയ സ്ഥാനത്തിരുത്തി ഒന്നര വർഷത്തിനകമാണ് രാജി.
1996ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ ഇനി നാലു വർഷം ബാക്കിയുണ്ട്. ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാകുറിനെ എഡിറ്റർ പദവിയിൽ രാജഗോപാലിന് പകരം നിയമിച്ച മാനേജ്മെന്റ്, രാജഗോപാലിന്റെ ഉത്തരവാദിത്തം ഒരു മാസാന്ത കോളമാക്കി മാറ്റിയിരുന്നു.
ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം. മോദി സർക്കാറിെൻറ തെറ്റായ സമീപനങ്ങളെ നിശിതമായി വിമർശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയലിൽ നിർണായക പങ്കാണ് എഡിറ്ററായിരിക്കെ രാജഗോപാൽ വഹിച്ചിരുന്നത്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട തലക്കെട്ടുകൾ ടെലിഗ്രാഫ് പത്രത്തിന്റെ തലയെടുപ്പായിരുന്നു. പല പത്രങ്ങളും പറയാൻ മടിച്ച കാര്യങ്ങൾ ടെലിഗ്രാഫ് വായനക്കാർക്ക് മുൻപിലെത്തിച്ചു. ഇത്, ജനാധിപത്യവിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ ഇടപെടലുകളായിരുന്നു. രാജ്യം ഉറ്റുനോക്കുന്ന വിഷയങ്ങളിൽ രാജഗോപാൽ ഒരുക്കിയ പത്രം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനുപിന്നാലെയാണ് 2023 സെപ്തംബറിൽ എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റിയത്.
1996ൽ ആണ് കൊൽക്കത്തയിലെ ‘ദ ടെലിഗ്രാഫി’ൽ ജോയന്റ് ന്യൂസ് എഡിറ്ററായി ചേർന്നത്. 1997ൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററും 2008ൽ ഡെപ്യൂട്ടി എഡിറ്ററുമായി. തുടർന്ന് 2016ൽ എഡിറ്ററുടെ ചുമതല നൽകി. 2023ൽ ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പ്രമോഷൻ പദവി നൽകുന്നതുവരെ തൽസ്ഥാനത്ത് തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.