ഇ.ഡിക്ക് പക്ഷപാതമെന്ന് വിചാരണ കോടതി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പക്ഷപാതപരമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പെരുമാറുന്നതെന്ന് ജാമ്യ ഉത്തരവിൽ വിചാരണ കോടതി വ്യക്തമാക്കി. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പങ്കിന് നേരിട്ടുള്ള ഒരു തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും വിചാരണ കോടതി വ്യക്തമാക്കി. എന്നാൽ, വളരെ വിചിത്രമായ നടപടിയിൽ ഈ ഉത്തരവ് വിചാരണ കോടതി പുറത്തുവിടുന്നതിന് മുമ്പെ ഡൽഹി ഹൈകോടതി കാണാത്ത ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കെജ്രിവാളിനെതിരായ മതിയായ തെളിവില്ലെന്ന് മനസ്സിലാക്കിയ ഇ.ഡി ഏത് തരത്തിലെങ്കിലും അവ സംഘടിപ്പിക്കാൻ സമയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് റോസ് അവന്യൂ പ്രത്യേക കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കുറ്റപ്പെടുത്തി. അന്വേഷണം കലയാണെന്നും പ്രതിക്ക് ചിലപ്പോൾ ജാമ്യമെന്ന കോലുമിഠായി നൽകി കുറ്റകൃത്യത്തിന് പിന്നിലെ യഥാർഥ കഥ പറയിക്കേണ്ടി വരുമെന്നുമുള്ള ഇ.ഡിയുടെ വാദം വിചാരണ കോടതി ചോദ്യംചെയ്തു. ഇത് വകവെച്ചുതരാവുന്ന വാദമല്ലെന്നും ഇങ്ങനെ അന്വേഷണം കലയാക്കിയാൽ കൃത്രിമമായി പലതും ശേഖരിച്ച് ഏത് വ്യക്തിയെയും ജയിലഴിക്കുള്ളിൽ ആക്കാമെന്നും കോടതി ഓർമിപ്പിച്ചു.
ഇരുഭാഗവും സമർപ്പിച്ച ആയിരക്കണക്കിന് പേജുകൾ നോക്കാൻ ഇപ്പോൾ സാധ്യമല്ലെന്ന് കോടതി തുടർന്നു. കോടതിക്ക് ജാമ്യം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. അതുപോലെ ജാമ്യവ്യവസ്ഥ ചുമത്തുന്നതിലും വിവേചനാധികാരമുപയോഗിക്കാം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിൻ ഫ്രാങ്ക്‍ലിന്റെ ആപ്തവാക്യം കോടതി ഓർമിപ്പിച്ചു. വിചാരണ നീണ്ടുപോയി ദീർഘകാലം ജയിലിൽ കിടന്ന് ഒടുവിൽ നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയക്കുന്ന ആയിരക്കണക്കിന് കേസുകളുണ്ട്. നീതി ചെയ്താൽ പോരെന്നും ചെയ്തതായി കാണണമെന്നുമുള്ള ലോർഡ് ഹെവാർട്ടിന്റെ വാക്കുകളും ഉത്തരവ് ഉദ്ധരിച്ചു. ഒരു പ്രതിയുടെ നിരപരാധിത്വം തിരിച്ചറിയുന്നത് വരെ അയാൾ വ്യവസ്ഥിതിയുടെ അതിക്രമത്തിനിരയായാൽ തന്നോട് നീതി ചെയ്തുവെന്ന് അംഗീകരിക്കാൻ അദ്ദേഹത്തിനാവില്ല. ഈയിടെയായി സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും ഇത്തരം ജാമ്യ ഹരജികൾ തീർപ്പാക്കാൻ ഈയിടെയായി വിചാരണ കോടതികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സി.ബി.ഐ ദിനാഘോഷത്തിൽ സി.ബി.ഐ, ഇ.ഡി കേസുകളിൽ ക്ലേശകരമായ ദൗത്യം നിർവഹിക്കുന്ന പ്രത്യേക ജഡ്ജിമാർക്ക് പ്രചോദനമാകുന്ന പരാമർശങ്ങളായിരുന്നു ചീഫ് ജസ്റ്റിസ് നടത്തിയത്.
സ്വേച്ഛാധിപത്യം അതിരു കടക്കുന്നു -സുനിത കെജ്രിവാൾ
ന്യൂഡൽഹി: കെജ്രിവാളിന്റെ ജാമ്യ ഉത്തരവ് തിരക്കിട്ട് സ്റ്റേ ചെയ്യിച്ച ഇ.ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭാര്യ സുനിത കെജ്രിവാൾ. രാജ്യത്ത് സ്വേച്ഛാധിപത്യം അതിരു കടക്കുന്നുവെന്ന് സുനിത കെജ്രിവാൾ കുറ്റപ്പെടുത്തി. വിചാരണ കോടതിയുടെ ഉത്തരവ് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ജാമ്യത്തെ എതിർത്ത് ഇ.ഡി വിചാരണ കോടതിയെ സമീപിച്ചത് എങ്ങനെയാണെന്നും സുനിത ചോദിച്ചു. തീവ്രവാദികളോട് എന്നപോലെയാണ് അദ്ദേഹത്തോട് ഇ.ഡി പെരുമാറുന്നതെന്നും സുനിത പറഞ്ഞു. ഹരിയാനയിൽനിന്ന് കൂടുതൽ വെള്ളം ആവശ്യപ്പെട്ട് ഡൽഹി ജലമന്ത്രി അതിഷി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച സൗത്ത് ഡൽഹിയിലെ ഭോഗാലിൽ സംസാരിക്കുകയായിരുന്നു സുനിത കെജ്രിവാൾ. മോദി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന ആരോപണവുമായി ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങും രംഗത്ത് വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.