‘സത്യം സത്യമാണ്, സത്യത്തെ നീക്കാൻ കഴിയില്ല’; പരാമർശങ്ങൾ നീക്കിയതിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ ലോക്സഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
'മോദിജിയുടെ ലോകത്ത് സത്യത്തെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ, സത്യത്തെ പുറന്തള്ളാൻ കഴിയില്ല എന്നത് യാഥാർഥ്യം. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര വേണമെങ്കിലും നീക്കാൻ കഴിയും. സത്യം സത്യമാണ്' -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
സ്പീക്കർ നിഷ്പക്ഷമായി പെരുമാറണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് രാഹുലിന്‍റെ പ്രസംഗം മാത്രം നീക്കിയതെന്നും വേണുഗോപാൽ ചോദിച്ചു.
അതേസമയം, പ്രസംഗഭാഗങ്ങൾ നീക്കിയ നടപടിക്കെതിരെ രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതെന്നും നീക്കിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വസ്തുതകളാണ് സഭയിൽ അവതരിപ്പിച്ചത്. പാർലമെന്‍ററി ജനാധിപത്യത്തിന് എതിരായ നടപടിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുലിന്‍റെ ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് ലോക്സഭ സ്പീക്കർ നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചു.
രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മോദി രണ്ടുതവണ സഭയിൽ എഴുന്നേറ്റ് നിൽക്കേണ്ടി വന്നു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും മോദി ആരോപിച്ചു. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാൽ, താൻ സംസാരിച്ചത് ഭാരതീയ ജനതാ പാർട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുൽ തിരിച്ചടിച്ചു.
ശിവന്റെ ചിത്രം ഉയർത്തിക്കാട്ടി നിർഭയത്വവും അഹിംസയുമാണ് ശിവൻ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. കഴുത്തിലുള്ള സർപ്പം നിർഭയത്വത്തിന്റെയും ഇടതുകൈയിലുള്ള ത്രിശൂലം അഹിംസയുടെയും നിദർശനമാണ്. എന്നാൽ, ഹിന്ദുവെന്ന് പറയുന്നവർ ഹിംസയെയും വിദ്വേഷത്തെയും വ്യാജങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ ഹിന്ദുക്കളല്ല എന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി രാഹുൽ പറഞ്ഞു. ഹിംസയുടെ ആളുകളായതു കൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലതുകൈയിൽ പിടിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.