തുരങ്കദൗത്യത്തിന് ഇനി നേതൃത്വം പ്രഫ. ആർനോൾഡ് ഡിക്സിന്
text_fieldsഉത്തരകാശി: തുരങ്കസുരക്ഷയിലും ദുരന്തങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനും അഭിഭാഷകനുമാണ് ആസ്ട്രേലിയക്കാരനായ പ്രഫ. ആർനോൾഡ് ഡിക്സ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹമാണ് സങ്കീർണമായ തുരങ്ക രക്ഷാദൗത്യത്തിൽ ഇനി നിർണായക പങ്കുവഹിക്കുക.
ഭൂമിക്കടിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ വൈദഗ്ധ്യമുള്ള ഡിക്സിന് ഇതുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങളിലും ആഴത്തിലുള്ള അറിവുണ്ട്. സിൽക്യാരയിൽ സൂക്ഷ്മമായ ആസൂത്രണവും സുരക്ഷയുമാണ് വേണ്ടതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തകർ വളരെ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അർനോൾഡ് പറഞ്ഞു. ‘തൊഴിലാളികളോടൊപ്പം രക്ഷാപ്രവർത്തകരും സുരക്ഷിതരായിരിക്കണം. തുരങ്കത്തിന്റെ മുകളിൽനിന്ന് തുരക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും’ ഡിക്സ് കൂട്ടിച്ചേർത്തു. എന്നാൽ, രക്ഷാപ്രവർത്തനം പൂർത്തിയാകാൻ എത്ര ദിവസമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുരന്ന് ആറു മീറ്റർ നീളമുള്ള കുഴലുകൾ ഒന്നിന് പിറകെ ഒന്നായി വെൽഡ് ചെയ്തായിരുന്നു ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചിരുന്നത്.
എന്നാൽ, 24 മീറ്റർ തുരന്നതോടെ വെള്ളിയാഴ്ച് ഉച്ചക്ക് 2.45 ഓടെ മണ്ണിടിയുകയും വൻ ശബ്ദം കേൾക്കുകയും ചെയ്തതോടെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി രക്ഷാപ്രവർത്തനം നിർത്തിവെച്ചു. 10 കുഴലുകൾ കടത്തിയാൽ അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന കണക്കുകൂട്ടലാണ് ഇതോടെ തെറ്റിയത്.
നിലവിലുള്ള ദൗത്യം തുടരാനും തുരങ്കത്തിന് മുകളിലൂടെ 120 മീറ്റർ താഴേക്ക് തുരന്ന് രക്ഷാപ്രവർത്തനം നടത്താനുമാണ് പിന്നീട് തീരുമാനിച്ചത്. ഇതോടൊപ്പം തുരങ്കത്തിന്റെ ഇരുവശങ്ങളിൽനിന്നും തുരക്കാനും ആലോചിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉച്ചക്കുശേഷം ദൗത്യം വീണ്ടും തുടങ്ങാനായിട്ടില്ല. തുരങ്ക കവാടത്തിൽനിന്ന് 270 മീറ്റർ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികളുടെ 60 മീറ്റർ ചുറ്റളവിലാണ് അവശിഷ്ടങ്ങളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.