സിവിൽ കോഡും പൗരത്വ നിയമവും ചർച്ചയിൽ
text_fieldsന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം എന്നീ അജണ്ടകൾ സജീവമാക്കി ബി.ജെ.പി. പൗരത്വ ഭേദഗതി നിയമം ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാകുറാണ് വെളിപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ ഫെബ്രുവരി ആദ്യവാരം നിയമസഭയിൽ വെക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയും അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആഴ്ചകൾമാത്രം ബാക്കിനിൽക്കേയാണ്, ബി.ജെ.പിയുടെ വിവാദ അജണ്ടകളിൽ ബാക്കി നിൽക്കുന്ന രണ്ട് പ്രധാന ഇനങ്ങൾകൂടി ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്നവരിലൂടെ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. രാമക്ഷേത്രത്തിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും പ്രാണപ്രതിഷ്ഠ നടത്തിയത് ഹിന്ദുത്വ വികാരം ശക്തിപ്പെടുത്താൻ മുതൽക്കൂട്ടായെന്ന് വിലയിരുത്തിയാണ്, പുതിയ അജണ്ടകൾകൂടി പുറത്തെടുക്കുന്നത്.
അഖിലേന്ത്യ തലത്തിൽ ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള ബി.ജെ.പി പദ്ധതിക്കിടയിൽ ഇതിനായി ആദ്യം നടപടി മുന്നോട്ടുനീക്കിയത് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡാണ്. സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സമിതി കരട് റിപ്പോർട്ട് ഫെബ്രുവരി മൂന്നിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു. തുടർന്ന് ബിൽ തയാറാക്കി മന്ത്രിസഭ യോഗത്തിന്റെ അനുമതിയോടെ നിയമസഭയിൽ വെക്കും. സിവിൽ കോഡ് ചർച്ചചെയ്യാൻ ഫെബ്രുവരി അഞ്ചിന് നിയമസഭയുടെ ഏകദിന പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് പൗരത്വ ഭേദഗതി നിയമം ഒരാഴ്ചക്കകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാകുർ പറഞ്ഞത്. ‘ഇത് എന്റെ ഗാരന്റി’യാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒൻപതു ദിവസത്തെ പാർലമെന്റ് സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. പൗരത്വ നിയമം 2019ൽ ഭേദഗതി ചെയ്തെങ്കിലും നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ല. എന്നാൽ, നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷായും സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.