ക്ഷേത്രത്തിൽ ഏറ്റുമുട്ടി യുവമോർച്ച നേതാവിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് കേന്ദ്ര മന്ത്രിയും എം.പിയും
text_fieldsമംഗളൂരു: ബി.ജെ.പി വിട്ട് ധാർവാഡ്-ഹുബ്ബള്ളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി കർണാടക നിയമസഭയിലേക്ക് മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ഉന്നമിട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും തേജസ്വി സൂര്യ എം.പിയും രംഗത്ത്. ഷെട്ടാറിന്റെ തട്ടകത്തിലെ ക്ഷേത്രത്തിൽ പ്രസാദ വിതരണത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ഇരുവരും ആരോപിച്ചു. ബി.ജെ.പി യുവമോർച്ച ധാർവാഡ് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൊടുറു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ കമ്മാറയാണ് (36) ചൊവ്വാഴ്ച രാത്രി മരിച്ചത്.
ബുധനാഴ്ച ധാർവാഡ് എസ്.ഡി.എം ആശുപത്രിയിലെത്തി പ്രവീണിന്റെ കുടുംബത്തെ അനുശോചനം അറിയിച്ച ശേഷം നടത്തിയ പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ചത്. "ബി.ജെ.പിയുടെ താഴെ തട്ടിലുള്ള പ്രവർത്തകർ അടിക്കടി കൊല്ലപ്പെടുകയാണ്. നേരത്തെ ബി.ജെ.പി നേതാവ് യോഗേഷ് ഗൗഢ കൊല്ലപ്പെട്ടു. ഇപ്പോഴിതാ കമ്മാറ. ഉചിത നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയുടെ ബന്ധുക്കൾക്ക് നീതി ലഭിക്കാൻ കർണാടക സർക്കാർ ഇടപെടണം. ലിംഗായത്ത്-പത്മശാലിയ വിഭാഗക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. ഞങ്ങൾ എപ്പോഴും അവർക്കൊപ്പമുണ്ടാവും. നഷ്ടപരിഹാരവും ലഭ്യമാക്കും-കേന്ദ്രമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ താരപട്ടികയിൽനിന്ന് പുറത്തായ തേജസ്വി സൂര്യയും രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി രംഗത്ത് വന്നു.
കൊടുരു ഗ്രാമത്തിലെ ക്ഷേത്രം ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിന്റെ തുടർച്ചയായി നടന്ന അക്രമത്തിലാണ് കമ്മാറ മരിച്ചതെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് യോഗേഷ് ജൽസാഗർ പറഞ്ഞു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.