'യു.പി മുഖ്യമന്ത്രി അലഹബാദ് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി മാറി'; പ്രയാഗ്‌രാജിൽ വീടുകൾ പൊളിച്ച നടപടിയിൽ യോഗിക്കെതിരെ ഉവൈസി
text_fieldsകച്ച്: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരുടെ വീട് തകർത്ത സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. യു.പി മുഖ്യമന്ത്രി അലഹബാദ് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി മാറിയെന്ന് ഉവൈസി കുറ്റപ്പെടുത്തി. ഗുജറാത്തിലെ കച്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയെങ്കിലും പിടിച്ച് കുറ്റക്കാരനാക്കിയ ശേഷം അവരുടെ വീടുകൾ തകർക്കുകയാണോ ചെയ്യേണ്ടതെന്ന് ഉവൈസി ചോദിച്ചു. ജൂൺ പത്തിന് പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വെൽഫയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.ഡി.എ) ഞായറാഴ്ച പൊളിച്ച് മാറ്റിയിരുന്നു. രാജ്യത്ത് വിവാദമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജെ.എൻ.യു ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്. പ്രയാഗ്‌രാജിൽ നടന്ന അക്രമ സംഭവങ്ങളിൽ അഫ്രീന്‍റെ പങ്കെന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളുടെ വീട് പൊളിച്ച് മാറ്റുന്നതിന് മുമ്പ് വീടിനകത്ത് നടത്തിയ പരിശേധനയിൽ അനധികൃത ആയുധങ്ങളും കോടതിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചില രേഖകളും കണ്ടെത്തിയതായി പ്രയാഗരാജ് സീനിയർ സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജാവേദ് മുഹമ്മദിന്റെ വീട് തകർത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജാവേദിന്‍റെ ഭാര്യയുടെ പേരിലാണ് വീടെന്നും അനധികൃത നിർമാണത്തിന് അവർക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകർ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവ് നുപൂർ ശർമക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.പിയിൽ വെള്ളിയാഴ്ച പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീടുകൾ അനധികൃത നിർമാണമെന്നവകാശപ്പെട്ട് പൊലീസ് പൊളിച്ച് മാറ്റി. അക്രമാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 300ലധികം പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.