കോവിഡ് 'തലസ്ഥാനമായി' അമേരിക്ക; മരണം 5,00,000 കടന്നു
text_fieldsവാഷിങ്ടൻ: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 2020 ഫെബ്രുവരി ആറിനാണ് അേമരിക്കയിൽ ആദ്യ കോവിഡ് മരണമുണ്ടായത്. ഒരു വർഷത്തിനകം മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം ആയി. ലോകത്തെ അഞ്ചിലൊന്ന് കോവിഡ് മരണവും അമേരിക്കയിലാണ്.
രണ്ടു ലോക കൊടുംയുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലുംകൂടി മരിച്ച ആകെ അമേരിക്കക്കാരേക്കാൾ കൂടുതലാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം. അമേരിക്കയിൽ 670 പേരിൽ ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
കർക്കശമായ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ പോലും കോവിഡ് കാരണം 2.4 ലക്ഷം ആളുകൾ അമേരിക്കയിൽ മരിക്കുമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. ആന്തണി എസ്. ഫൗസി കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങളെ ചൊല്ലി ഡോ. ഫൗസിയടക്കമുള്ള ആരോഗ്യ വിദഗ്ധരും പ്രസിഡന്‍റ് ട്രംപും തമ്മിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. പ്രസിഡന്‍റ് ട്രംപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരായിരുന്നതിനാൽ കോവിഡ് വ്യാപനത്തിന്‍റെ തോത് പ്രതീക്ഷിച്ചതിലും കൂടുകയായിരുന്നു.
ഫെബ്രുവരിയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ മൂന്ന് മാസത്തിനകം കോവിഡ് മരണം ലക്ഷം കടന്നിരുന്നു. നാല് മാസത്തിനകം അടുത്ത ലക്ഷം പേർ കൂടി കോവിഡിന് കീഴടങ്ങി. മൂന്ന് മാസത്തിനകമാണ് അടുത്ത ലക്ഷം പേർ മരിച്ചതെങ്കിൽ കേവലം അഞ്ച് ആഴ്ചക്കകമാണ് അടുത്ത ലക്ഷം പേർ മരിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിൽ 295 പേരിൽ ഒരാളെന്ന നിലയിൽ 28000 ൽ അധികം ആളുകളാണ് കോവിഡ് കാരണം മരിച്ചത്. ലോസ് ഏഞ്ചൽസിൽ അഞ്ഞൂറിൽ ഒരാളും ടെക്സാസിൽ 163 ൽ ഒരാളും കോവിഡ് കാരണം മരിച്ചിട്ടുണ്ട്. ആശ്രയ കേന്ദ്രങ്ങൾ, പരിചരണ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള 1.63 ലക്ഷം ആളുകളാണ് മരിച്ചത്. അമേരിക്കയിലെ ആകെ മരണത്തിന്‍റെ മൂന്നിലൊന്ന് വരും ഇത്.
വെളുത്ത വർഗക്കാരേക്കാൾ കറുത്ത വർഗക്കാരിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. കറുത്ത വർഗക്കാരിലെ കോവിഡ് മരണനിരക്ക് വെളുത്ത വർഗക്കാരെ അപേക്ഷിച്ച് രണ്ടിരട്ടി കൂടുതലാണ്. വെള്ളക്കാരെ അപേക്ഷിച്ച് തനത് അമേരിക്കൻ വർഗക്കാരിൽ 2.4 ഇരട്ടി അധികം മരണ നിരക്കുണ്ട്.
ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വർഷത്തിനിടയിൽ അമേരിക്ക അഭിമുഖികരിച്ചിട്ടില്ലെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ആന്റണി ഫൗസി പ്രതികരിച്ചു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നും ഡോക്ടർ ഫൗസി ആഹ്വാനം ചെയ്തു.
അതേസമയം, ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ശേഷം നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലം കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ കോവിഡ് വ്യാപന തോത് ഇപ്പോൾ കുറയുകയാണ്. തിങ്കളാഴ്ച 1900 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 3300 ആളുകൾ വരെ പ്രതിദിനം മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വാക്സിൻ വിതരണം പുരോഗമിക്കുന്നുമുണ്ട്. വ്യാപന തോത് കൂടുതലായതിനാൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ശേഷിക്കുന്ന പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.