ഇത് തലമുറകളുടെ പ്രയത്നത്തിന്റെ ജയം -എസ്.സോമനാഥ്
text_fieldsബംഗളൂരു: ചാന്ദ്രയാൻ മൂന്നിന്റെ ചരിത്ര വിജയം ഐ.എസ്.ആർ.ഒയുടെ നിരവധി തലമുറ നേതൃത്വത്തിന്റെയും ശാസ്ത്രജ്ഞരുടെയും സംഭാവനകളുമായി ബന്ധപ്പെട്ടതാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. വൻ കുതിപ്പാണിത്. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഐ.എസ്.ആർ.ഒയിലെ ഓരോരുത്തരെയും അവരുടെ കുടുംബത്തെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള അക്ഷീണ പ്രയത്നത്തിൽ ലഭിച്ച ആശ്വാസകരമായ വാക്കുകയായിരുന്നു അതെന്ന് ഐ.എസ്.ആർ.ഒ മിഷൻ ഓപറേഷൻസ് കോംപ്ലക്സിൽ ശാസ്ത്രജ്ഞരോടായി സോമനാഥ് പറഞ്ഞു.
ദൗത്യത്തിന്റെ വിജയത്തിനായി പ്രാർഥിച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. മുൻ മേധാവി എ.എസ്.കിരൺ കുമാറിനെ പോലുള്ളവരെയും അദ്ദേഹം സ്മരിച്ചു. അവർ പല രീതിയിൽ സഹായിച്ചു. പിഴവില്ലാതെ ദൗത്യം പൂർത്തിയാക്കുന്നതിനും ആത്മവിശ്വാസം നിറക്കുന്നതിനും അവർ ശാസ്ത്രസംഘത്തിന്റെ ഭാഗമായി. ചന്ദ്രയാൻ ഒന്നു മുതൽ തുടങ്ങിയ ദൗത്യമാണിത്. ചന്ദ്രയാൻ രണ്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നമുക്ക് ഒരുപാട് വിവരങ്ങളും കൈമാറുന്നുണ്ട്. ചാന്ദ്രയാൻ ഒന്ന്, രണ്ട് ദൗത്യങ്ങളുടെ ഭാഗമായവരെ ഈ ആഘോഷ വേളയിൽ സ്മരിക്കുകയാണ്. -സോമനാഥ് തുടർന്നു.
139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.