പ്രഫ. സിദ്ദീഖ് ഹസന് സ്മാരകമായി അറിവിെൻറ ഗ്രാമം ഉയരുന്നു
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കർത്താവും വിഷൻ 2016, 2026 സംരംഭങ്ങളുടെ മുഖ്യ സംഘാടകനുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന് സ്മാരകമായി അറിവിെൻറ ഗ്രാമമുയരുന്നു. ഹരിയാനയിലെ മേവാത്തിൽ ഇതിനായുള്ള പദ്ധതിക്ക് ന്യൂഡൽഹിയിൽ ചേർന്ന ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി അംഗീകാരം നൽകി.
ജീവകാരുണ്യ പ്രവർത്തന മണ്ഡലം ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ച് ദക്ഷിണേന്ത്യയിലെ മുസ്ലിം സംഘടനകൾക്ക് വഴികാട്ടിയ സിദ്ദീഖ് ഹസൻ, ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച് മറ്റു പദ്ധതികൾക്കും ഫൗേണ്ടഷൻ അംഗീകാരം നൽകി. മേവാത്തിലെ മറോറ ഗ്രാമത്തിലെ 25 ഏക്കർ സ്ഥലത്താണ് റസിഡൻഷ്യൽ സംവിധാനത്തോടെയുള്ള സ്കൂളുകൾ, കോളജ്, കോച്ചിങ് സെൻറർ, അനാഥാലയം, സാങ്കേതിക വിദ്യാഭ്യാസ-പരിശീലന കേന്ദ്രം, മെഡിക്കൽ സെൻറർ, കമ്യൂണിറ്റി സെൻറർ തുടങ്ങിയവ ഉൾക്കൊള്ളുന്ന 'പ്രഫ. സിദ്ദീഖ് ഹസൻ നോളജ് വില്ലേജ്' യാഥാർഥ്യമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പിന്നാക്ക ജില്ലയായി 2018ൽ നിതി ആയോഗ് പ്രഖ്യാപിച്ചത് മേവാത്തിനെയാണ്.
ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകൾ/എൻ.ജി.ഒകൾ, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് പ്രഫ. സിദ്ദീഖ് ഹസൻ മെമ്മോറിയൽ അവാർഡ് നൽകും. ദേശീയ തലത്തിലായിരിക്കും അവാർഡ്. സന്നദ്ധതയും, നേതൃഗുണവും, ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രഫ. സിദ്ദീഖ് ഹസൻ സ്കോളർഷിപ് ഏർപ്പെടുത്തും.
ദേശീയ തലത്തിൽ 100 വിദ്യാർഥികൾക്കാണ് പ്രതിവർഷം സ്കോളർഷിപ് നൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൊണ്ടു വരുന്നതിനും ഭാവിയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ അവരെ വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യം വെക്കുന്നതാണ് ഈ സ്കോളർഷിപ് പദ്ധതി. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, തൊഴിൽ-സേവന സംരംഭങ്ങൾ, സ്ത്രീ ശാക്തീകരണ പദ്ധതികൾ, മാതൃകാ ഗ്രാമങ്ങൾ, കമ്യൂണിറ്റി സെൻററുകൾ, പരസ്പര സഹായ സംഘങ്ങൾ തുടങ്ങി സിദ്ദീഖ് ഹസൻ തുടങ്ങിവെച്ച വൈവിധ്യമാർന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും ഫൗണ്ടേഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.