മണിപ്പൂരിലുണ്ടായ അക്രമം ഞെട്ടിക്കുന്നത്; ക്രിസ്തീയ ദേവാലയങ്ങൾ തകർത്തുവെന്ന് കത്തോലിക്ക സഭ
text_fieldsഇംഫാൽ: മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്ക സഭ. അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നതും ദുഃഖമുണ്ടാക്കുന്നതുമാണെന്ന് കത്തോലിക്ക സഭ പറഞ്ഞു. അക്രമത്തിൽ മൂന്നോളം പള്ളികൾ അഗ്നിക്കിരയാക്കുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തിട്ടുണ്ടെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് തീയിട്ടിരിക്കുകയാണെന്ന് കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ)യാണ് അക്രമസംഭവങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
മെയ്തേയി വിഭാഗം കുക്കികളുടെ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണം. സംഘർഷങ്ങളിൽ കുക്കികളുടെ യുദ്ധസ്മാരകവും തകർക്കപ്പെട്ടു. നിരവധിപേർക്ക് പലായനം ചെയ്യേണ്ടി വന്നു.
സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ നടപടികളും ആവശ്യമായ ജാഗ്രതയും ആവശ്യമാണെന്നും വാർത്താകുറിപ്പിൽ മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. എത്രയും വേഗത്തിൽ കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ്തി സമുദായത്ത എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിരെ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലുള്ള ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂനിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ട്രൈബൽ ചർച്ചസ് ലീഡേഴ്സ് ഫോറം(ടി.സി.എൽ.എഫ്) മാർച്ചിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗോത്ര വർഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ പങ്കെടുത്ത റാലിയിൽ ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഇതിനു പിന്നാലെ ക്രിസ്ത്യൻ ദേവാലയങ്ങളും വീടുകളും തിരഞ്ഞുപിടിച്ച് വ്യാപക ആക്രമണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.