ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയും അക്രമം; തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsനാദിയ: പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ അക്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ബംഗാളിലെ നാദിയ, നോർത്ത് 24 പർഗാനാസ്, സാൾട്ട് ലേക്ക് എന്നിവിടങ്ങളിലാണ് അക്രമ സംഭവങ്ങൾ നടന്നത്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിടുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്.
നാദിയ ജില്ലയിലെ കല്യാണിയിലെ പോളിങ് ബൂത്തിലേക്ക് പോകുകയായിരുന്ന തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ പുറത്തു നിന്നുള്ള 35 അംഗ ബി.ജെ.പി ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതാണ് തൃണമൂൽ-ബി.ജെ.പി സംഘർഷത്തിൽ കലാശിച്ചത്.
ഡാർജിലിങ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ 45 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സിലിഗുഡി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബി.ജെ.പി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
നാലാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. 74 കമ്പനി കേന്ദ്ര സേനയെയും 11 പൊലീസ് നിരീക്ഷകരെയും അധികമായി വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.