ജലപീരങ്കി തോറ്റു പിന്മാറി, ഈ സമരവീര്യത്തിന് മുന്നിൽ -വൈറൽ വിഡിയോ
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ തുരത്താൻ പതിനെട്ടടവും പ്രയോഗിച്ച് തോറ്റ് നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ബാരിക്കേഡുകളും കിടങ്ങുകളും മണൽകൂനകളുമെല്ലാം മറികടന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്ന സമരക്കാർ വിജയം നേടാതെ പിന്മാറില്ലെന്ന നിശ്ചയദാർഢ്യത്തിലാണ്.
ഗ്രനേഡുകൾക്കും കണ്ണീർവാതക ഷെല്ലുകൾക്കും പിന്തിരിപ്പിക്കാൻ കഴിയാത്ത സമരവീര്യത്തിന്‍റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ജലപീരങ്കിക്ക് തുരത്താനാവാത്ത ധീരതയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജലപീരങ്കിയിൽ നിന്നും അതിശക്തിയിൽ വെള്ളം ചീറ്റിയടിച്ചിട്ടും കുലുങ്ങാതെ നെഞ്ചിലേറ്റുവാങ്ങി നിൽക്കുകയാണ് സമരരംഗത്തൊരു യുവാവ്.
ഒടുവിൽ പൊലീസിന് ജലപീരങ്കി ഓഫ് ചെയ്ത് തോറ്റ് പിന്തിരിയേണ്ടി വന്നു. അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ പ്രമുഖരും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, കർഷകർക്ക് നേരെ പ്രയോഗിച്ച ജലപീരങ്കി, വാഹനത്തിൽ ചാടിക്കയറി ഓഫ് ചെയ്ത വിദ്യാർഥിയുടെ ധീരതയും വൈറലായിരുന്നു. അംബാലയിലെ ജയ് സിങ് എന്ന കർഷകന്‍റെ മകനായ നവ്‌ദീപ് എന്ന 26കാരനാണ് ധീരത കാട്ടിയത്. പ്രതികാര നടപടിയായി യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.