സവർക്കർക്കെതിരെ ലേഖനം: മാപ്പ് പറഞ്ഞ് 'ദ വീക്ക്'; എഴുതിയതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ലേഖകൻ
text_fieldsന്യൂഡൽഹി: വി.ഡി. സവർക്കറിനെ കുറിച്ച് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ 'ദ വീക്ക്' വാരിക മാപ്പ് പറഞ്ഞ് തടിയൂരി. 'സിംഹവൽക്കരിച്ച ഒരു ആട്ടിൻകുട്ടി' എന്ന പേരിൽ നിരഞ്ജൻ ടാക്ലെ എഴുതിയ ലേഖനത്തിനാണ് മാപ്പ് പറഞ്ഞത്. എന്നാൽ, വാരികയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന് ലേഖകൻ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ് ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്ലെ പറഞ്ഞു.
'മലയാള മനോരമ'യുടെ ഉടമസ്ഥതയിലുള്ളതാണ് വാരിക. വി.ഡി സവർക്കർ ബഹുമാന്യനാണെന്നും ലേഖനം കാരണം കുടുംബത്തിനുണ്ടായ വിഷമങ്ങൾക്ക് ക്ഷമാപണം നടത്തുന്നുവെന്നും 'ദ വീക്ക്' മേയ് 23 ലക്കത്തിൽ മാനേജ്മെന്റ് പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. ലേഖനത്തിൽ വസ്തുതകൾ മനപ്പൂർവ്വം തമസ്കരിച്ചുവെന്നും സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നും കാണിച്ച് ചെറുമകനായ രഞ്ജിത് സവർക്കർ 2016ൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇതേതുടർന്നാണ് മാപ്പ് പറഞ്ഞത്.
'നിയമപ്രകാരം അവർ ശിക്ഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി സവർക്കറെ കുറിച്ച് ആരും തെറ്റായ കാര്യങ്ങൾ എഴുതാൻ ധൈര്യപ്പെടരുത്' -2016ൽ 'സൺഡേ ഗാർഡി'യനോട് രഞ്ജിത് സവർക്കർ പറഞ്ഞു. ലേഖകൻ തെറ്റായ കാര്യങ്ങളാണ് എഴുതി പിടിപ്പിച്ചിരിക്കുന്നതെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കുടുംബവുമായി ബന്ധപ്പെടാമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. എന്നാൽ, സവർക്കറെ കുറിച്ച് എഴുതപ്പെട്ടതും ചരിത്ര വസ്തുതകളുമാണ് താൻ എഴുതിയിരിക്കുന്നതെന്നായിരുന്നു ടാക്ലെയുടെ പ്രതികരണം. വക്കീൽ നോട്ടീസോ മറ്റോ തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നാല് വർഷങ്ങൾക്ക് ശേഷവും തനിക്ക് പരാതിയുടെ പകർപ്പ് ഔദ്യോഗികമായി ലഭിച്ചില്ലെന്ന് അദ്ദേഹം 'ന്യൂസ്ലോൺഡ്രി'യോട് വ്യക്തമാക്കി.
വാരികയുടെ ചുമതലയുള്ള എഡിറ്റർ വി.എസ്. ജയചന്ദ്രൻ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. 'ഞങ്ങൾ കുറച്ചുകാലമായി കേസ് നടത്തി വരുന്നു. കേസ് തുടരുന്നത് വളരെ ബുദ്ധിമുട്ടായി' ജയചന്ദ്രൻ ന്യൂസ് ലോൺഡ്രിയോട് പറഞ്ഞു. 'കേസ് ഒത്തുതീർപ്പാക്കാനുള്ള പ്രധാന കാരണം ലേഖനം എഴുതിയ വ്യക്തി ഇപ്പോൾ ഞങ്ങളുടെ സ്ഥാപനത്തിൽ ഇല്ല. ലേഖനം പ്രസിദ്ധീകരിച്ച വേളയിൽ ചുമതലയിലുണ്ടായിരുന്ന എഡിറ്റർ ടി.ആർ. ഗോപാലകൃഷ്ണനും ഞങ്ങൾക്കൊപ്പമില്ല. ഈ കാരണങ്ങൾ എല്ലാം പരിഗണിച്ച് കേസ് അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു'-ജയചന്ദ്രൻ പറഞ്ഞു.
'ഹരജി നൽകിയ വ്യക്തിയുമായി ഞങ്ങൾ ബന്ധപ്പെട്ടു. തിരുത്തലോ ക്ഷമാപണമോ നൽകുമെന്ന് സമ്മതിച്ചത് പ്രകാരമാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇനി ഞങ്ങൾ കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് പ്രതീക്ഷിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.