കുഴിച്ചിട്ട 240 ബ്രിട്ടീഷ് സ്വർണ്ണ നാണയങ്ങൾ കിട്ടിയത് തൊഴിലാളികൾക്ക്; മോഷ്ടിച്ച് പൊലീസുകാർ, അന്വേഷണം
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ പഴയ ഒരു വീട്ടിൽ നിന്ന് ബ്രിട്ടീഷ് കാലഘട്ടത്തിലെ 240 സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി. മധ്യപ്രദേശിലെ തൊഴിലാളികളാണ് ഇത് കണ്ടെടുത്തത്. തുടർന്ന് അവരുടെ ഗ്രാമത്തിൽ കൊണ്ടുവന്ന് കുഴിച്ചിട്ടു. എന്നാൽ നാല് പൊലീസുകാർ അവ മോഷ്ടിച്ചു. ഒന്നിന് നാല് ലക്ഷം രൂപ വരെ വിലയുള്ള നാണയങ്ങളുമായി കടന്ന പൊലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാൻ മധ്യപ്രദേശ് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
ഗുജറാത്തിലെ ബിലിമോറയിൽ പഴയ വീട് പൊളിച്ചുമാറ്റാനുള്ള ജോലിക്കിടെയാണ് 240 നാണയങ്ങൾ കിട്ടിയതെന്ന് മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ നിന്നുള്ള രാംകുബായ് പൊലീസിൽ മൊഴി നൽകി. തുടർന്ന് സ്വർണനാണയങ്ങൾ തങ്ങളുടെ ഗ്രാമമായ ബജ്ദയിലേക്ക് കൊണ്ടുവന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു. 1922-ൽ ബ്രിട്ടനിൽ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ നാണയമായിരുന്നു ഇത്. 7.08 ഗ്രാം ഭാരവും അതിൽ ജോർജ്ജ് ആറാമൻ രാജാവിന്റെ ചിത്രവുമുണ്ട്. നാണയത്തിൽ 90 ശതമാനം സ്വർണമുണ്ടായിരുന്നു.
ജൂലൈ 19ന് രാവിലെ സോണ്ട്വ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വിജയ് ദേവ്ദ, കോൺസ്റ്റബിൾമാരായ രാകേഷ്, വീരേന്ദ്ര, സുരേന്ദ്ര എന്നിവർ സ്വകാര്യ വാഹനത്തിലെത്തി കുടുംബത്തെ മർദിച്ച് നാണയങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പരാതിക്കാർ പറഞ്ഞു. സംഭവത്തിൽ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂലൈ 20ന് നൽകിയ പരാതിയെ തുടർന്ന് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണനാണയങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ ബിലിമോറയിലെ ലോക്കൽ പൊലീസിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.