കൊല്ലപ്പെട്ട രേണുക സ്വാമിയുടെ ശരീരത്തിൽ 32 മുറിവുകളെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: കൊല്ലപ്പെട്ട രേണുക സ്വാമിയുടെ ശരീരത്തിൽ 32 മുറിവുകൾ കണ്ടെത്തിയെന്നും മസ്തിഷ്‍കത്തിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുള്ളത്. കന്നട നടിയും മോഡലുമായ പവിത്ര ഗൗഡക്ക് സമൂഹ മാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി കൊല്ലപ്പെടുന്നത്. കേസിൽ പവിത്രയുടെ സുഹൃത്തും കന്നട സൂപ്പർ സ്റ്റാറുമായ ദർശൻ അടക്കം 17 പ്രതികളാണുള്ളത്. ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
മർദനത്തിനുശേഷം ദർശന്റെ വസ്ത്രങ്ങൾ കഴുകിയതായും ഷൂസുകൾ കണ്ടെത്തിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ശരീരത്തിലെ 32 മുറിവുകൾക്കു പുറമെ, തലയോട്ടിയിൽ ഏഴ് പരിക്കുകളുമുണ്ട്. സ്വകാര്യ ഭാഗത്ത് ശക്തമായ രക്തസ്രാവമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പട്ടണഗരെയിലെ ഷെഡിൽ വെച്ചാണ് മർദനവും കൊലപാതകവും അരങ്ങേറിയത്. ഇവിടെനിന്ന് കേസിലെ സുപ്രധാന തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ലാത്തി, മരക്കഷണങ്ങൾ, രക്തക്കറകൾ, ഫിംഗർ പ്രിന്റുകൾ എന്നിവ കണ്ടെത്തി. ഇതിനുപുറമെ 30 മിനിറ്റ് സി.സി ടി.വി ദൃശ്യങ്ങളും കേസിലെ പ്രധാന തെളിവാകും. അതേസമയം, ഇയാൾ പതിവായി സ്ത്രീകൾക്ക് അശ്ലീല സന്ദേശം അയക്കുന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. @goutham_ks_1990 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന രേണുകസ്വാമി തന്റെ ഫോട്ടോകളും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പല പെൺകുട്ടികൾക്കും അയച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്ന പെൺകുട്ടികൾക്കാണ് ഇയാൾ കൂടുതലായും ഇത്തരം മെസേജുകൾ അയച്ചിരുന്നത്.
ഇതിലൊരാൾ കഴിഞ്ഞ മാർച്ചിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. നടി പവിത്ര ഗൗഡക്കും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ദർശനെ പ്രകോപിപ്പിച്ചത്. ഗൗതം എന്നപേരിലാണ് അക്കൗണ്ടെങ്കിലും സ്വന്തം ഫോട്ടോതന്നെയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പവിത്രക്ക് രേണുക സ്വാമി അയച്ചതും സ്വന്തം ചിത്രം തന്നെയായിരുന്നു. ഈ വിവരം തന്റെ ജീവനക്കാരനായ പവനെയാണ് പവിത്ര ആദ്യം അറിയിച്ചത്. പവൻ പിന്നീട് ദർശനെ അറിയിച്ചു. പവിത്ര ഗൗഡ എന്നപേരിൽ പവൻ സമൂഹമാധ്യമത്തിലൂടെ രേണുക സ്വാമിയുമായി ചാറ്റ് ചെയ്തു.
തന്റെ ഫോൺ നമ്പറും നൽകി. ഇതോടെ രേണുക സ്വാമി തന്റെ വിലാസം വെളിപ്പെടുത്തി നൽകി. ഈ വിവരം ദർശൻ തന്റെ ആരാധക സംഘടനയുടെ ചിത്രദുർഗയിലെ ഭാരവാഹിയായ രാഘവേന്ദ്രയെ അറിയിച്ചു. രാഘവേന്ദ്രയാണ് രേണുക സ്വാമിയെ ജൂൺ എട്ടിന് ബംഗളൂരുവിലെത്തിച്ചത്. പിന്നീട് പട്ടണഗരെയിലെ ഷെഡിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദർശന്റെ മറ്റൊരു മാനേജർ എവിടെ?
ബംഗളൂരു: തന്റെ താരാരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കന്നട നടൻ ദർശന്റെ മറ്റൊരു മാനേജർ എവിടെ? ഫാം ഹൗസ് മാനേജർ ശ്രീധർ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്.
ദർശൻ വളരെ അടുപ്പം സൂക്ഷിച്ച മാനേജർ ഗഡക് സ്വദേശി മല്ലികാർജുനെ 2016 മുതല്‍ കാണാനില്ല. ദർശന്റെ ഫിലിം ഷെഡ്യൂളുകളും മറ്റ് പ്രഫഷനല്‍ കാര്യങ്ങളും ക്രമീകരിക്കുന്നതിനുപുറമെ നിർമാണത്തിലും വിതരണത്തിലും മല്ലികാർജുന്‍ പങ്കുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സിനിമാ നിർമാണത്തില്‍ നേരിട്ട വലിയ നഷ്ടം കാരണം കനത്ത സാമ്പത്തിക ബാധ്യത മല്ലികാർജുൻ നേരിട്ടിരുന്നു.പ്രശസ്ത നടൻ അർജുൻ സർജയില്നിന്ന് ഇയാള്‍ കോടി രൂപ വാങ്ങിയിരുന്നു. അർജുന്റെ ‘പ്രേമ ബരാഹ’ എന്ന ചിത്രത്തിന്റെ വിതരണക്കാരനായതിന്റെ ഭാഗമായാണത്. പണം ആവശ്യപ്പെട്ട് അർജുൻ മല്ലികാർജുന്‍ നോട്ടീസ് അയച്ചത് വാർത്തയായിരുന്നു. ദർശനുമായും മല്ലികാർജുന്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ദർശന്റെ പേരില്‍ പലരില്‍നിന്നായി ഇയാള്‍ രണ്ട് കോടിയോളം രൂപ വാങ്ങിയതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേച്ചൊല്ലി ദർശനുമായും പ്രശ്നങ്ങളുണ്ടായി.
2016 മുതല്‍ മല്ലികാർജുനെക്കുറിച്ച് വീട്ടുകാർക്കോ സുഹൃത്തുക്കള്‍ക്കോ വിവരമില്ല. ദർശന്റെ ഫാം ഹൗസ് മാനേജർ ശ്രീധറിനെ (39) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വിഡിയോ സന്ദേശവും ശ്രീധര്‍ തയാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇതിന്റെ വിശദാംശങ്ങളാണ് വിഡിയോയെന്ന് പൊലീസ് അറിയിച്ചു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴക്കരുതെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്. അതേസമയം, രേണുക സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.