എത്ര സൈന്യത്തെ വേണമെങ്കിലും അയച്ചോളൂ, ജനങ്ങളുടെ മനസ് കീഴടക്കുംവരെ കശ്മീരിൽ സമാധാനമുണ്ടാകില്ല -ഫാറൂഖ് അബ്ദുല്ല
text_fieldsന്യൂഡൽഹി: ജമ്മു - കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഫാറൂഖ് അബ്ദുല്ല. കശ്മീരി ജനങ്ങളുടെ മനസ് കീഴടക്കുംവരെ ജമ്മു-കശ്മീരിൽ സമാധാനമുണ്ടാവില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിലെ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് അബ്ദുല്ലയുടെ പരാമർശം.
നിങ്ങൾക്ക് എത്ര സൈന്യത്തെ വേണമെങ്കിലും കൊണ്ടുവരാം. ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതുവരെ നിങ്ങൾക്ക് കശ്മീരിൽ സമാധാനം കൊണ്ടുവരാൻ കഴിയില്ല. അത് യുദ്ധത്തിലൂടെ സാധ്യമല്ല. നമ്മൾ നമ്മുടെ അയൽക്കാരനോട് സംസാരിക്കുകയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് അവർക്കും ബോധ്യപ്പെടുകയും ചെയ്യുന്നത് വരെ കശ്മീരിൽ സമാധാനം ഉണ്ടാകില്ല -അബ്ദുല്ല പറഞ്ഞു.
ഞങ്ങൾ സംസാരിക്കുമ്പോൾ അവർക്ക് മോശമായി തോന്നുന്നു. ഞങ്ങൾ ഇന്ത്യൻ മുസ്ലിംങ്ങളാണ്, ഞങ്ങൾ ചൈനീസ്, അമേരിക്കൻ, റഷ്യൻ മുസ്ലീംങ്ങളല്ലെന്നും ഞങ്ങളെ വിശ്വസിക്കൂ എന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.
ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ആയിരിക്കെ 113 കോടിയുടെ ക്രമക്കേട് നടത്തി എന്ന ആരോപണത്തെ തുടർന്ന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അബ്ദുല്ലക്ക് ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ഇ.ഡിയുടെ നടപെടിക്കെതിരെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാർ ഗുപ്കർ സഖ്യത്തെ ഭയപ്പെടുന്നുണ്ടന്നും ഞങ്ങളൊരുമിച്ച് നിന്നാൽ ജമ്മു-കശ്മീരിനെക്കുറിച്ചുള്ള അവരുടെ ദുഷിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വരുമോ എന്ന് അവർ ഭയപ്പെടുന്നതായും മുഫ്തി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.