കർണാടകയിൽ ഗോധ്ര മോഡൽ കലാപത്തിന് സാധ്യതയെന്ന് കോൺഗ്രസ് നേതാവ്
text_fieldsബംഗളൂരു: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കർണാടകയിൽ ഗോധ്ര മോഡൽ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവും എം.എൽ.സിയുമായ ബി.കെ. ഹരിപ്രസാദ്. ഗോധ്രയിൽ ട്രെയിനിന് കർസേവകരാണ് തീവെച്ചതെന്നും കർണാടക സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. 2002ൽ ഗോധ്രയിൽ നടന്ന ട്രെയിൻ തീവെപ്പാണ് പിന്നീട് ഗുജറാത്തിൽ വ്യാപകമായ മുസ്ലിം വംശഹത്യയിലേക്ക് വഴിതെളിച്ചത്. ‘കർണാടകയിലും സമാനസംഭവം സൃഷ്ടിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഒരു അനിഷ്ട സംഭവങ്ങൾക്കും കർണാടകയിൽ ഇടംനൽകരുത്. അയോധ്യയിൽ പോകുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണം. കർണാടകയിൽ മറ്റൊരു ഗോധ്ര സംഭവിക്കാൻ പാടില്ല.
അത്തരം സംഭവങ്ങൾക്ക് കോപ്പുകൂട്ടുന്നത് സംബന്ധിച്ച് വേണമെങ്കിൽ എനിക്ക് വിവരം നൽകാൻ കഴിയും. ചില സംഘടനാ നേതാക്കൾ എല്ലാ സംസ്ഥാനങ്ങളിലും ചെന്ന് ചില ബി.ജെ.പി നേതാക്കളുടെ വികാരങ്ങളെ ആളിക്കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴതിനെക്കുറിച്ച് എനിക്ക് തുറന്നുപറയാനാകില്ല. അവരത് ചെയ്യുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് അവർ എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ടിരിക്കുകയാണ്- മുൻ രാജ്യസഭാംഗം കൂടിയായ ഹരിപ്രസാദ് പറഞ്ഞു.
രാമക്ഷേത്ര ചടങ്ങിലേക്ക് ക്ഷണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അയോധ്യയിലെ ചടങ്ങ് മതപരമായല്ല; രാഷ്ട്രീയമായാണ് കാണേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു ഹിന്ദുധർമ ഗുരുവാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെങ്കിലും എനിക്കും നിങ്ങൾക്കും ആരുടെയും ക്ഷണമില്ലാതെതന്നെ ചടങ്ങിന് പോകാം.
എന്റെ അറിവനുസരിച്ച്, നാലു ശങ്കരാചാര്യരാണ് ഹിന്ദുമത ഗുരുക്കന്മാർ. ഇതിലേതെങ്കിലും മതനേതാവാണ് ഉദ്ഘാടനം ചെയ്യുന്നതെങ്കിൽ ഞാനും അവിടെ പോകുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ധർമ ഗുരുക്കന്മാരല്ല; രാഷ്ട്രീയ നേതാക്കളാണ്. ഇതാണ് നമ്മൾ കണക്കിലെടുക്കേണ്ടതെന്നും ഹരിപ്രസാദ് നയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.