മൊബൈൽ നമ്പറുകൾക്ക് പ്രത്യേക ഫീസ് വരുന്നു
text_fieldsന്യൂഡൽഹി: മൊബൈൽ ഫോൺ നമ്പറുകൾക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സർക്കാറിനോട് ശിപാർശചെയ്തു. ഒരു നമ്പറിന് ഒറ്റത്തവണ നിശ്ചിത ഫീസ് ഈടാക്കുകയോ സേവനദാതാക്കൾക്ക് അനുവദിച്ച നമ്പറുകളുടെ ശ്രേണിക്ക് വർഷാവർഷം തുക ഈടാക്കുകയോ ചെയ്യുന്ന തരത്തിൽ പരിഷ്കാരം കൊണ്ടുവരാനാണ് ശ്രമം. പുതിയ ശ്രേണിയുടെ ഫാൻസി നമ്പറുകൾക്കായി സർക്കാർ തലത്തിൽ ലേലവും പരിഗണനയിലുണ്ട്.
പ്രവർത്തനരഹിതമായ നമ്പറുകൾ റദ്ദു ചെയ്യാതെ തുടരുകയും പുതിയവക്കായി ആവശ്യമുയരുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ട്രായ് നടപടി. മൊബൈൽ നമ്പറുകളുടെ എണ്ണം നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. സ്പെക്ട്രംപോലെ നമ്പറുകൾ അനുവദിക്കുന്നതിലെ അന്തിമ അവകാശവും സർക്കാറിൽ നിക്ഷിപ്തമാണെന്ന് ട്രായ് അധികൃതർ പറഞ്ഞു.
നിർദിഷ്ട കാലയളവിലേക്ക് സേവനദാതാവിന് സ്പെക്ട്രം ഉപയോഗിക്കാൻ അനുമതി നൽകുകയാണ് നിലവിലെ രീതി. കഴിഞ്ഞ ഡിസംബറിൽ നിലവിൽ വന്ന പുതിയ ടെലികോം നയമനുസരിച്ച് നമ്പറുകൾക്ക് നിശ്ചിത ഫീസ് ഈടാക്കാനാകും. സജീവ ഉപയോഗത്തിലില്ലാത്ത സിം കാർഡുകൾ റദ്ദാക്കാത്ത സേവനദാതാക്കൾക്ക് പിഴ ചുമത്തുന്നതും ട്രായ് പരിഗണനയിലുണ്ട്.
രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്ന പലരും ഒരെണ്ണം മാത്രമാണ് കൃത്യമായ ഇടവേളകളിൽ റീചാർജ് ചെയ്യുക. ഈ സാഹചര്യത്തിൽ മറ്റേ സിം കാർഡ് റദ്ദാകുന്നതിലേക്ക് നയിച്ചേക്കാവുന്നതാണ് ട്രായിയുടെ പുതിയ നിർദേശം.
എന്നാൽ, മൊബൈൽ നമ്പറിന് ഫീസ് ഏർപ്പെടുത്തുന്നത് ഉപഭോക്താക്കൾക്കു മേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപിക്കാനേ ഉതകൂവെന്നാണ് സേവനദാതാക്കളുടെ വാദം. പകരം റീചാർജ് ചെയ്യാതെ നമ്പർ ഉപയോഗിക്കാനാവുന്ന സമയം ഏകീകരിക്കുന്നതടക്കം നടപടികളിലേക്ക് കടക്കുന്നതാകും ഉചിതമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.