പെരുമാറ്റച്ചട്ടമുണ്ട്, വാഗ്ദാനച്ചട്ടം വേണ്ട -കമീഷനോട് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പ്രകടന പത്രികയിലെ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കാനുള്ള നീക്കത്തിൽ മിക്ക പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനെ എതിർപ്പ് അറിയിച്ചു.
രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കു മുന്നിൽ വെക്കുന്ന നയപരമായ കാര്യങ്ങൾ നിയന്ത്രിക്കാൻ നിൽക്കാതെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിൽ കേന്ദ്രീകരിക്കാൻ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ പാർട്ടികൾ കമീഷനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു കാലത്ത് പ്രകടനപത്രികയിൽ വിവിധ വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന പാർട്ടികൾ, അത് നടപ്പാക്കുന്നതിന് പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യംകൂടി ജനങ്ങളോട് വിശദീകരിക്കണമെന്ന നിർദേശം പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമാക്കാനാണ് കമീഷൻ ഒരുങ്ങിയത്.
പൊള്ളയായ വാഗ്ദാനങ്ങൾ ദൂരവ്യാപക ഭവിഷ്യത്ത് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ അഭിപ്രായം തേടിയ കമീഷനെ വിവിധ പ്രതിപക്ഷ പാർട്ടികൾ രേഖാമൂലം എതിർപ്പ് അറിയിച്ചു. ജനങ്ങൾക്ക് പാർട്ടികൾ സൗജന്യങ്ങളോ ക്ഷേമപദ്ധതികളോ വാഗ്ദാനം ചെയ്യുന്നത് നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് നൽകിയ കത്തിൽ ഓർമിപ്പിച്ചു.
അതൊക്കെ ഊർജസ്വലമായൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയുമൊക്കെ സ്വീകാര്യത തീരുമാനിക്കുന്നത് വോട്ടർമാരുടെ വിവേകമാണ്.
അതു ലംഘിക്കപ്പെടുന്നുണ്ടോ എന്നു നോക്കുന്നതും സമ്മതിദായകർതന്നെ. സർക്കാറിനും കമീഷനും കോടതിക്കുമൊന്നും ഇതിൽ കാര്യമില്ല -കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.