മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിലെ 48 വോട്ടിന്റെ ജയം തിരിമറിയെന്ന് സംശയം
text_fieldsമുംബൈ: മുംബൈ നോർത്ത്-വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ ഏക്നാഥ് ഷിൻഡേ പക്ഷ സ്ഥാനാർഥി രവീന്ദ്ര വായ്ക്കർ 48 വോട്ടിന് വിജയിച്ചത് വോട്ടു യന്ത്രത്തിലെ തിരിമറിയിലൂടെ എന്ന് സംശയം. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ അമോൽ കീർത്തികാറാണ് വായ്ക്കറോട് തോറ്റത്. വോട്ടെണ്ണൽ നടക്കുമ്പോൾ വായ്ക്കറുടെ ബന്ധു നിരന്തരം മൊബൈൽ ഫോൺ ഉപയോഗിച്ചത് മറ്റ് സ്ഥാനാർഥികളുടെ ശ്രദ്ധയിൽപ്പെടുകയും പരാതി നൽകുകയും ചെയ്തിരുന്നു. തഹസിൽദാറുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണമാണ് തിരിമറി സംശയത്തിന് കാരണം.
വായ്ക്കറുടെ ബന്ധു മങ്കേഷ് പണ്ഡിൽക്കർ ഉപയോഗിച്ച മൊബൈൽ ഫോൺ, സർവിസ് വോട്ടർമാരുടെ പോസ്റ്റൽ വോട്ടെണ്ണാൻ ഉപയോഗിക്കുന്ന ‘ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്സിസ്റ്റം’ തുറക്കാനായി ഒ.ടി.പി സ്വീകരിക്കാനുള്ളതാണെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമീഷന്റെ പോൾ പോർട്ടൽ ജീവനക്കാരൻ ദിനേശ് ഗൗരവിന്റെ ഫോണാണിത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനക്കയച്ചു. ഇ.വി.എം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഉദ്ധവ് പക്ഷ സ്ഥാനാർഥി അമോൽ കീർത്തികർ 2000 വോട്ടിന് ലീഡിലായിരുന്നു.
എന്നാൽ, സർവിസ് വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെ പിറകിലാവുകയും ഒടുവിൽ രവീന്ദ്ര വായ്ക്കറേ 48 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ അനധികൃതമായി മൊബൈൽ ഉപയോഗിച്ചതിനാണ് നിലവിൽ മങ്കേഷ് പണ്ഡിൽക്കർ, ദിനേശ് ഗൗരവ് എന്നിവർക്കെതിരെ കേസെടുത്തത്. ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇ.വി.എം തുറക്കാൻ ഒ.ടി.പിയുടെയും മൊബൈൽ ഫോണിന്റെയും ആവശ്യമില്ലെന്ന് റിട്ടേണിങ് ഉദ്യോഗസ്ഥ ഞായറാഴ്ച വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.