ബജ്റങ്ദളിനെ നിരോധിക്കുമെന്ന് പ്രകടന പത്രികയിലില്ല -കമൽനാഥ്
text_fieldsഭോപാൽ: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ അധികാരത്തിലെത്തിയാൽ ബജ്റങ്ദളിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിർന്ന പാർട്ടി നേതാവും മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റുമായ കമൽനാഥ്. ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ബജ്റങ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനമുണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു കമൽനാഥിന്റെ പ്രതികരണം.
വെറുപ്പ് പ്രചരിപ്പിക്കുകയും സാമുദായിക സൗഹാർദം തകർക്കുകയും ചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതിതന്നെ ഉത്തരവിട്ട കാര്യം ചൂണ്ടിക്കാട്ടിയ കമൽനാഥ് ഇത് നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ, ആരെയും പ്രത്യേകമായി ലക്ഷ്യമിടില്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച കർണാടകയിൽ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വെറുപ്പ് പ്രചരിപ്പിക്കുകയും സാമുദായിക സൗഹാർദം തകർക്കുകയും ചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും ഇത്തരം ചെയ്തികളിലൂടെ ഭരണഘടനയും നിയമവും ലംഘിക്കുന്ന ബജ്റങ്ദളും പോപുലർ ഫ്രണ്ടും പോലുള്ള സംഘടനകൾക്കെതിരെ നിരോധനമടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.