ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ മാറ്റമില്ല -അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി. സേലത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വളർന്നുവെന്ന അവകാശവാദം ശരിയല്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 18.80 ശതമാനം വോട്ടുകൾ ബി.ജെ.പി സഖ്യത്തിന് ലഭിച്ചപ്പോൾ 2024ൽ 18.2 ശതമാനം മാത്രമാണ് നേടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടു തവണയാണ് തമിഴ്നാട്ടിൽ പ്രചാരണത്തിന് എത്തിയത്. 2019ൽ 33.5 ശതമാനം വോട്ട് നേടിയ ഡി.എം.കെക്ക് 2024ൽ ലഭിച്ചത് 26.93 ശതമാനം വോട്ട് മാത്രം.
അതേസമയം അണ്ണാ ഡി.എം.കെ സഖ്യത്തിന് കൂടുതൽ വോട്ടുകൾ ലഭിച്ചു. തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്ക് തിരിച്ചടിയെന്ന മട്ടിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്ന് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് അണ്ണാമലൈക്ക് പല സ്വപ്നങ്ങളുമുണ്ടാകുമായിരിക്കും. സ്വപ്നം പൂവണിയാത്ത നിരാശയിലാണ് രൂക്ഷ വിമർശനങ്ങളുന്നയിക്കുന്നത്. അണ്ണാമലൈയെ പോലുള്ളവർ നേതൃതലത്തിലുള്ളതിനാലാണ് ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതുവരെ ദേശീയ കക്ഷികൾ പ്രാദേശിക കക്ഷികളെ ഉപയോഗപ്പെടുത്തും. പിന്നീട് കാണാത്ത ഭാവം നടിക്കും. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ മാറിമാറി വരും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ വെവ്വേറെയായാണ് ജനങ്ങൾ കാണുന്നത്. 2026ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും അണ്ണാ ഡി.എം.കെ സംസ്ഥാന ഭരണം തിരിച്ചുപിടിക്കുമെന്നും ഇ.പി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.