"കോൺഗ്രസിനേക്കാൾ വർഗീയത നിറഞ്ഞ മറ്റൊരു പാർട്ടിയില്ല"- രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു
text_fieldsന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ബുൾഡോസർ പ്രയോഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ഇപ്പോൾ രാഹുലിന്‍റെ പരാമർശത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു .
കോൺഗ്രസ് പാർട്ടിയേക്കാൾ വർഗീയത നിറഞ്ഞ മറ്റൊരു പാർട്ടിയെ താൻ ഇന്ത്യയിൽ കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോൺഗ്രസും മുസ്ലീം ലീഗും മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീനും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളുടെ തകർച്ചയാണ് ജഹാംഗീർപുരിയിൽ നടന്ന സംഭവങ്ങളെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിന് പകരം ബി.ജെ.പി നേതാക്കളുടെ ഹൃദയത്തിലെ വിദ്വഷമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് മാറ്റേണ്ടതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
"ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന് പകരം ബി.ജെ.പി നേതാക്കളുടെ ഹൃദയത്തിലെ വിദ്വേഷമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് മാറ്റേണ്ടത്"-രാഹുൽ പറഞ്ഞു.
ഇന്നലെ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ജഹാംഗീർപുരി പ്രദേശത്ത് അനധികൃത നിർമാണങ്ങളെന്ന് ആരോപിച്ച് കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ തുടങ്ങിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ഇന്നലെ തന്നെ പൊളിക്കൽ നടപടി നിർത്തി വെക്കാനും തൽസ്ഥിതി തുടരാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.