ത്വലാഖെ ഹസനിൽ ഔചിത്യ പ്രശ്നമില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പുരുഷൻ മുൻകൈ എടുത്തു നടത്തുന്ന ത്വലാഖെ ഹസൻ പ്രകാരമുള്ള വിവാഹമോചനത്തിൽ പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവില്ലെന്ന് സുപ്രീംകോടതി.ത്വലാഖെ ഹസനും മുത്തലാഖും ഒന്നല്ല. പുരുഷന്മാർക്ക് ത്വലാഖെ ഹസൻ പ്രകാരം വിവാഹമോചനം ചെയ്യാനാകുന്നതുപോലെ സ്ത്രീകള്‍ക്ക് ഖുൽഅ് (ഖുല) പ്രകാരം വിവാഹമോചനം നേടാനാകുമെന്നും കോടതി നിരീക്ഷിച്ചു.
30 ദിവസത്തെ കാലയളവിൽ മൂന്നു തവണയായി പുരുഷൻ ത്വലാഖ് ചൊല്ലുന്ന രീതിയാണ് ത്വലാഖെ ഹസൻ. മൂന്നാമത്തെ തവണ ത്വലാഖ് ചൊല്ലുന്നതിനിടയിലുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും തീരുമാനം പിന്‍വലിക്കാനാകും. മൂന്നാം വട്ടം ചൊല്ലിക്കഴിഞ്ഞാല്‍, ത്വലാഖ് നടപ്പില്‍ വന്നതായി കണക്കാക്കും.
താൻ 'ത്വലാഖെ ഹസന്' ഇരയാണെന്ന് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശിയായ മാധ്യമ പ്രവർത്തക ബേനസീര്‍ ഹീനയെന്ന യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രിൽ 19ന് സ്പീഡ് പോസ്റ്റ് വഴി ഭർത്താവിൽ നിന്നും വിവാഹമോചന അറിയിപ്പ് ലഭിച്ചെന്നും അടുത്ത മാസങ്ങളിലായി തുടർന്നുള്ള നോട്ടീസ് ലഭിച്ചെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു. ത്വലാഖെ ഹസന്‍ മുസ്ലിം സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനമാണെന്നും ഇത്തരത്തിൽ കോടതിക്ക് പുറത്തുള്ള വിവാഹമോചനങ്ങള്‍ നിരോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രഥമദൃഷ്ട്യാ ഇതിൽ അനൗചിത്യം ഇല്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. സ്ത്രീകൾക്ക് വിവാഹമോചനത്തിന് മാർഗങ്ങളുണ്ട്. ഹരജിക്കാരിയുടെ ആവശ്യം അംഗീകരിക്കാനാവുന്നതല്ല. വിഷയം മറ്റ് അജണ്ടകൾക്ക് കാരണമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് മുത്തലാഖ് പോെലയല്ല. സ്ത്രീകൾക്ക് വിവാഹ മോചനത്തിന് മാർഗമുണ്ട്. ദാമ്പത്യ ബന്ധം തകർന്ന രണ്ടു പേർക്ക് ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ തങ്ങൾ വിവാഹമോചനത്തിന് അനുമതി നൽകാറുണ്ടെന്നും ബെഞ്ച് വാക്കാൽ പരാമർശിച്ചു. കേസ് ആഗസ്റ്റ് 29 ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.