‘ഇതിനേക്കാൾ വേദന നിറഞ്ഞതായി മറ്റൊന്നുമില്ല’; സവർക്കറെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി നിതിൻ ഗഡ്കരി
text_fieldsമുംബൈ: വി.ഡി. സവർക്കർ, ഡോ. ഹെഡ‍്ഗേവാർ എന്നിവരുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ പിൻവലിച്ചത് ദൗർഭാഗ്യകരമാണെന്നും ഇതിനേക്കാൾ വേദന നിറഞ്ഞതായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വി.ഡി സവർക്കറെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
‘‘സ്കൂൾ സിലബസിൽനിന്ന് ഹെഡ‍്ഗേവാറിന്റെയും സ്വതന്ത്ര വീർ സവർക്കറുടെയും ഭാഗങ്ങൾ പിൻവലിച്ചത് നിർഭാഗ്യകരമാണ്. ഇതിനേക്കാൾ വേദന നിറഞ്ഞതായി മറ്റൊന്നുമില്ല. സാമൂഹിക പരിഷ്കർത്താവായിരുന്നു സവർക്കർ. ഞങ്ങൾക്ക് അദ്ദേഹമൊരു റോൾ മോഡലായിരുന്നു’’–ഗഡ്കരി പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കാബിനറ്റ് യോഗത്തിലാണ് ആർ.എസ്.എസ് സ്ഥാപകന്‍ കെ.ബി. ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയും പാഠഭാഗങ്ങള്‍ ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. പകരം അംബേദ്കറെ കുറിച്ചുള്ള കവിത, മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍ തുടങ്ങി ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയ പാഠങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. മുൻ സർക്കാർ മാറ്റിയ പാഠഭാഗങ്ങൾ പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.