ഒരു തരത്തിലുള്ള മുസ്ലിം സംവരണവും പാടില്ല -അമിത് ഷാ
text_fieldsജൽഗാവ് (മഹാരാഷ്ട്ര): തെരഞ്ഞെടുപ്പ് ദിനം അടുക്കാറായതോടെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിന് ബി.ജെ.പി പ്രതിജ്ഞബദ്ധമാണെങ്കിലും മുസ്ലിംകൾക്കുള്ള ഏത് തരത്തിലുള്ള സംവരണത്തിനുമെതിരാണെന്ന് അമിത് ഷാ ആവർത്തിച്ചു. ബി.ജെ.പിക്ക് ഒരു എം.പിയോ എം.എൽ.എയോ മാത്രമേ ഉള്ളൂവെങ്കിലും മതപരമായ സംവരണത്തെ എതിർക്കും. അതാണ് പാർട്ടിയുടെ പ്രതിബദ്ധതയെന്നും മഹാരാഷ്ട്രയിൽ വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ ബി.ജെ.പി നേതാവ് വ്യക്തമാക്കി.
മുസ്ലിം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ കോൺഗ്രസിന് സമർപ്പിച്ച നിവേദനം അമിത് ഷാ എടുത്തുപറഞ്ഞു. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണം നൽകിയാൽ ദലിതുകളുടെയും ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ആനുകൂല്യങ്ങൾ കുറയും. സംവരണ പരിധി 50 ശതമാനമാണെന്നും അത് വർധിപ്പിക്കുമ്പോൾ നിലവിലുള്ളവയുടെ വിഭാഗങ്ങളെ ബാധിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
മഹാ വികാസ് അഘാഡി പാർട്ടികൾ പ്രീണന രാഷ്ട്രീയം കാരണം രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വോട്ടിനുവേണ്ടി ദേശീയ സുരക്ഷക്ക് തുരങ്കം വെക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. മഹാരാഷ്ട്രയുടെ സാമൂഹിക ഘടനയെ തളർത്തി മഹാ വികാസ് അഘാഡി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.