'ആ ഷൂവിൽ എന്തോ ഉണ്ട്' കുൽഭൂഷന്റെ ഭാര്യയുടെ ചെരിപ്പ് തിരിച്ച് നൽകാത്തതിനെക്കുറിച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താൻ ജയിലിൽ കഴിയുന്ന മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവുമായുള്ള കൂടിക്കാഴ്ചക്കെത്തിയ ഭാര്യയുടെ ചെരിപ്പ് തിരിച്ചു നൽകാത്തതിന് വിശദീകരണവുമായി പാകിസ്താൻ. സന്ദർശനത്തിന് മുൻപ് ഭാര്യയുടെ താലിമാലയടക്കമുള്ള ആഭരണങ്ങളും പൊട്ടും വരെ അഴിച്ചുവാങ്ങിയിരുന്നു. കുൽഭൂഷൻ ജാദവിന്റെ ഭാര്യ ചേതൻകുളിന്റെ ചെരിപ്പ് വാങ്ങിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു ഷൂ ധരിക്കാനായി നൽകിയിരുന്നു. സന്ദർശനത്തിന് ശേഷം ജാദവിന്റെ ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ചെരിപ്പ് തിരിച്ചുനൽകാത്ത പാകിസ്താന്റെ പ്രവൃത്തിയെ ഇന്ത്യ അപലപിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാലാണ് താലിമാലയും വളകളും പൊട്ടും ചെരിപ്പും മാറ്റിയതെന്ന് പാകിസ്താൻ ചൊവ്വാഴ്ച വിശദീകരിച്ചു. ചെരിപ്പിൽ 'എന്തോ ഉണ്ട്' എന്നാണ് പാകിസ്താൻ ഷൂ തിരിച്ചുനൽകാത്തതിന് പാകിസ്താൻ വിശദീകരണം നൽകിയിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ഡോൺ ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ക്രിസ്മസ് ദിനത്തിലാണ് ഇസ്ലാമാബാദിലെ വിദേശകാര്യാലയത്തിൽ മാതാവ് അവന്തി ജാദവ്, ഭാര്യ ചേതൻകുൾ എന്നിവർക്ക് ജാദവിനെ കാണാൻ പാക് അധികൃതർ അവസരം ഒരുക്കിയത്. എന്നാൽ, ഒരു ചില്ലുമറക്ക് ഇരുവശവും ഇരുത്തി, ഇൻറർകോമിലൂടെ സംസാരിക്കാൻ മാത്രമാണ് അനുവദിച്ചത്. കൈ തൊടാൻപോലും അവസരമില്ലാതെ ഇത്തരത്തിൽ 45 മിനിറ്റ് കൂടിക്കാഴ്ചയാണ് നടന്നത്.
ഇത്തരമൊരു കൂടിക്കാഴ്ച അനുവദിച്ചത് മാനസികമായി പീഡിപ്പിക്കുന്ന ഒന്നായി മാറുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ കുറ്റപ്പെടുത്തി. പാക് അധികൃതർ മോശം രീതിയിൽ പെരുമാറി. ഇരുവരും വേഷം മാറ്റാൻ നിർബന്ധിതരായി. മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ മാതാവിനെ അനുവദിച്ചില്ല. സുരക്ഷയുടെ പേരിൽ സാംസ്കാരികവും മതപരവുമായ വൈകാരികതകളെ കുത്തിനോവിച്ചു എന്ന് രവീഷ്കുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.