ജലബാഷ്പീകരണം തടയാൻ തെർമോകോൾ; മന്ത്രിയുടെ ‘ബുദ്ധി’ കാറ്റിൽ പറന്നു
text_fieldsകോയമ്പത്തൂർ: ഡാമിൽ തെർമോകോൾ ഷീറ്റുകൾ നിരത്തി ജലബാഷ്പീകരണം നിയന്ത്രിക്കാനുള്ള നീക്കം വിവാദമായി. മധുര ജില്ലയിൽ വൈഗൈ അണക്കെട്ടിലെ വെള്ളം നീരാവിയാകുന്നത് കുറയ്ക്കാൻ തമിഴ്നാട് സഹകരണ-, പൊതുമരാമത്ത് മന്ത്രി ചെല്ലൂർ കെ. രാജുവിെൻറ ബുദ്ധിയിലാണ് പുതിയ ആശയം ഉദിച്ചത്. തെർമോകോൾ ഷീറ്റുകൾ സ്റ്റെല്ലോടാപ്പുപയോഗിച്ച് ഒട്ടിച്ച് ജലസംഭരണിയിലിടുകയായിരുന്നു ലക്ഷ്യം. മധുര ജില്ല കലക്ടർ കെ. വീരരാഘവൻ ഉൾപ്പെടെയുള്ളവർക്ക് മന്ത്രി ഉത്തരവും നൽകി. ഇതിനായി പത്ത് ലക്ഷം രൂപയും വകയിരുത്തി.
ചടങ്ങിൽ മന്ത്രി ചെല്ലൂർ രാജുവും ജില്ല കലക്ടർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. എന്നാൽ, മന്ത്രിയും ഉദ്യോഗസ്ഥരും ഫോേട്ടാക്ക് പോസ് ചെയ്ത് തെർമോകോൾ ഷീറ്റുകൾ വെള്ളത്തിലിട്ടയുടൻ ശക്തിയായ കാറ്റുവീശി. ഇതോടെ ഷീറ്റുകൾ പറന്ന് കരയിലെത്തി. പദ്ധതി പരാജയപ്പെട്ടതോടെ മന്ത്രിയും കൂട്ടരും സ്ഥലംവിട്ടു. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് തെർമോകോൾ ഷീറ്റുകളിട്ടതെന്നും കാറ്റ് നിറച്ച റബർ പന്തുകൾ ഡാമിലിടാനാണ് അടുത്ത പദ്ധതിയെന്നും മന്ത്രി ചെല്ലൂർ രാജു അറിയിച്ചു. ഷീറ്റുകളിടുന്നത് ജലമലിനീകരണത്തിനും വെള്ളത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാവില്ലേയെന്ന ചോദ്യത്തിന് കുറച്ചാണിട്ടതെന്നും പദ്ധതി ഉപേക്ഷിച്ചതായും കലക്ടർ വീരരാഘവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.