മേധാവിത്തമുള്ള മണ്ഡലങ്ങളിലും ജയം ഉറപ്പിക്കാനാകാതെ അവർ
text_fieldsഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്കും സമുദായത്തിനും മേധാവിത്വമുള്ള മണ്ഡലങ്ങളിൽ പോലും ജയം ഉറപ്പിക്കാൻ കഴിയാത്ത നിസ്സഹായത പ്രകടിപ്പിക്കുന്ന സ്ഥാനാർഥികൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. ജാതിയും സമുദായവും അവർക്കുള്ള വോട്ടുകളും നോക്കി ജയസാധ്യത നിർണയിച്ച് ഓരോ പാർട്ടികളും സ്ഥാനാർഥികളെ ഇറക്കിയ യു.പി തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെത്തുമ്പോൾ ആ കണക്കുകളെല്ലാം തെറ്റുന്ന കാഴ്ചയാണ്. ബാഗ്പത് നിയമസഭ മണ്ഡലത്തിൽ നവാബ് അബ്ദുൽ ഹമീദിന് തന്റെ പാർട്ടിയായ രാഷ്ട്രീയ ലോക്ദളിലെ ജാട്ടുകളുടെ വോട്ട് മാത്രം കിട്ടിയാൽ തന്നെ മണ്ഡലം പിടിക്കാം. സഖ്യകക്ഷിയായ സമാജ്വാദി പാർട്ടിയിലെ യാദവരുടെ വോട്ടും കൂടി ചേർന്നാൽ നവാബ് ജയിക്കാതിരിക്കാൻ ഒരു ന്യായവുമില്ല.
ബാഗ്പതിലെ ഭൂരഹിതർക്ക് ഭൂമി പതിച്ചു കൊടുത്ത, 240 വർഷത്തെ ഭരണപരിചയമുള്ള നവാബ് കുടുംബത്തിന് ജാതിമത ഭേദമന്യേ ബാഗ്പതിലുള്ള സ്വീകാര്യത ഇതിന് പുറമെ. എന്നാൽ ജാട്ട് സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെ ബി.ജെ.പി നിർത്തിയതോടെ ഹമീദ് സ്വന്തം പാർട്ടി അണികളുടെ വോട്ടുറപ്പിക്കാൻ കഠിന യത്നത്തിലാണ്. ജാട്ടുകളുടെ സ്വന്തം പാർട്ടിയായ രാഷ്ട്രീയ ലോക്ദളിന്റെ ഏറെ ജനസ്വാധീനമുള്ള മുസ്ലിം മുഖമായിട്ടും ഉറപ്പിക്കാവുന്ന വോട്ടുകൾ കിട്ടുമെന്ന് വിശ്വസിക്കാൻ ഹമീദിനാകുന്നില്ല.
സമാജ്വാദി പാർട്ടിയുടെ കൈരാനയിലെ സിറ്റിങ് എം.എൽ.എ നവീദ് ഹസനെ ഗുണ്ടാനിയമത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനാൽ അഅ്സംഖാനെ പോലെ അവിടെ കിടന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലത്തിലെ ചോദ്യം ചെയ്യാനാവാത്ത നേതാവായ നവീദ് ജയിലിന് പുറത്തായിരുന്നെങ്കിൽ ജയമുറപ്പായിരുന്നു എന്ന് മുൻകൂട്ടി കണ്ടാണ് ജനുവരി ആറിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നാണ് ജനം പറയുന്നത്. ഹിന്ദുക്കൾ പേടിച്ച് കൂട്ടത്തോടെ പലായനം ചെയ്തുവെന്ന വ്യാജ പ്രസ്താവന നടത്തി കൈരാനയെ ദേശീയ ശ്രദ്ധയിലെത്തിച്ച ബി.ജെ.പി നേതാവ് ഹുകും സിങ്ങിന്റെ മകൾ മൃഗങ്കയാണ് നവീദിന്റെ എതിരാളി.
മകന്റെ അസാന്നിധ്യത്തിൽ മുൻ ലോക്സഭ എം.പി കൂടിയായ മാതാവ് തബസ്സുമായിരുന്നു പ്രചാരണത്തിന് നേതൃത്വം നൽകേണ്ടിയിരുന്നത്. തബസ്സുമിനെ കാണാനായി വീട്ടിൽ ചെന്നപ്പോൾ ഗുണ്ടാനിയമപ്രകാരം ജാമ്യമില്ല കുറ്റങ്ങൾ ചുമത്തി കേസ് എടുത്തതിനാൽ അവർ പുറത്ത് വരാതെ ഒളിവിൽ കഴിയുകയാണ്. ഉമ്മയുടെയും മകന്റെയും അസാന്നിധ്യത്തിൽ മറ്റു കുടുംബാംഗങ്ങളാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സ്വന്തം പാർട്ടിയിലെ യാദവരും സഖ്യകക്ഷിയായ ആർ.എൽ.ഡിയിലെ ജാട്ടുകളും നവീദിന് വോട്ടുചെയ്യുമെന്ന് ഉറപ്പില്ല. മുറാദാബാദിലും സംഭലിലും സഹാറൻപുരിലും ജയസാധ്യതയുള്ള പല മുസ്ലിം സ്ഥാനാർഥികളുടെയും ഭാവി സമാനമായ തരത്തിൽ അനിശ്ചിതത്വത്തിലാണ്. അതേസമയം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടി നിർത്തിയ ജാട്ടുകളും യാദവരുമടക്കമുള്ള മറ്റു സ്ഥാനാർഥികൾക്ക് മുസ്ലിം വോട്ടുകൾ വീഴുമെന്നുറപ്പാണ്. മുസൽമാൻ അല്ലാതെ എങ്ങോട്ടുപോകുമെന്നാണ് നവാബിന്റെ വലംകൈയായ അഡ്വ. സന്ത് രാജ് ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.