രാമക്ഷേത്രത്തിന് ഞങ്ങൾ എതിരല്ല, ബാബരി മസ്ജിദ് തകർത്ത് നിർമിച്ചതിനോടാണ് വിയോജിപ്പ് -ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: രാമക്ഷേത്രത്തിന് ഞങ്ങൾ എതിരല്ലെന്നും ബാബരി മസ്ജിദ് തകർത്ത് അത് പണിതതിനോടാണ് വിയോജിപ്പെന്നും ഡി.എം.കെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവിടെ ഒരു ക്ഷേത്രം വരുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, മസ്ജിദ് തകർത്ത് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. തങ്ങൾ ഒരു മതത്തിനുമെതിരല്ല. ഇക്കാര്യം ഡി.എം.കെ നേതാവ് കലൈജ്ഞർ എം. കരുണാനിധി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവിടെ രാമക്ഷേത്രം പണിയുന്നതിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല. അതേസമയം, ബാബരി മസ്ജിദ് തകർത്ത് അത് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കുന്നതിനോട് ഞങ്ങൾക്ക് യോജിക്കാനാവില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തിട്ടുണ്ട്. രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നതിനെ പിന്തുണക്കില്ലെന്നതാണ് പാർട്ടിയുടെ നിലപാട്’ -ഉദയനിധി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമിയുടെ പ്രസ്താവനക്കെതിരെയും ഉദയനിധി രംഗത്തെത്തി. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര സമരകാലത്ത് എ.ഐ.എ.ഡി.എം.കെ അയോധ്യയിലേക്ക് കർസേവകരെ അയച്ചകാര്യം അദ്ദേഹം ഓർമിപ്പിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡി.എം.കെ നേതൃത്വം ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയനിധിയുടെ പ്രതികരണം. ആത്മീയതയും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന് ഞങ്ങളുടെ ഡി.എം.കെ ട്രഷറർ ടി.ആർ ബാലു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.