താജ്മഹലിനടിയിൽ പ്രധാനമന്ത്രിയുടെ ബിരുദമാണോ ബി.ജെ.പി പ്രവർത്തകർ തെരയുന്നത്? -അസദുദ്ദീൻ ഉവൈസി
text_fieldsഭീവണ്ടി: മുഗളൻമാർക്ക് ശേഷം ഇന്ത്യയിലെത്തിയവരാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. താജ്മഹലിനടിയിൽ ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിയുടെ ബിരുദമാണോ തെരയുന്നതെന്നും ഉവൈസി പരിഹസിച്ചു. മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ എന്‍റേതോ താക്കറെയുടേതോ മോദിയുടേതോ ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടേതുമാണ്. ബി.ജെ.പിയും ആർ.എസ്.എസും മുഗളൻമാർക്ക് ശേഷമാണ് ഇന്ത്യയിലെത്തിയത്. ആഫ്രിക്ക, ഇറാൻ, മധ്യേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽനിന്ന് ആളുകൾ കുടിയേറിയതിന് ശേഷമാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്' -ഉവൈസി പറഞ്ഞു.
ശിവസേന എം.പി സഞ്ജയ് റാവത്തിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട എൻ.സി.പി നേതാവ് ശരദ് പവാർ എന്തു കൊണ്ടാണ് നവാബ് മാലിക്കിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാത്തതെന്നും ഉവൈസി ചോദിച്ചു. എൻ.സി.പി, കോൺഗ്രസ്, സമാജ് വാദി പാർട്ടി എന്നിവ മതേതര പാർട്ടികളാണ്. അവർക്കാർക്കും ഒരിക്കലും ജയിലിൽ പോകാൻ പറ്റില്ല. എന്നാൽ, അവരുടെ പാർട്ടിയിലെ തന്നെ ഒരു മുസ്‍ലിം നേതാവ് ജയിലിൽ പോകുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. സഞ്ജയ് റാവത്തതിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ശരദ് പവാർ പ്രധാനമന്ത്രിയെ കണ്ടു. എന്ത് കൊണ്ടാണ് നവാബ് മാലിക്കിന് വേണ്ടി അദ്ദേഹം ഇത് ചെയ്യാത്തത്. എന്ത് കൊണ്ടാണ് നവാബ് മാലിക്കിന് വേണ്ടി പവാർ സംസാരിക്കാത്തത്. അദ്ദേഹം മുസ്ലിമായത് കൊണ്ടാണോ? സഞ്ജയും നവാബ് മാലിക്കും തുല്യരല്ലേയെന്നും ഉവൈസി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.