'സാഹചര്യം വഷളാക്കുന്നു'; ധർമ സൻസദിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മൊത്തം സാഹചര്യം വഷളാക്കുകയാണെന്ന് ഹരിദ്വാർ ധർമ സൻസദ് സമ്മേളനത്തെ പരാമർശിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ജിതേന്ദ്ര നാരായണ സിങ് ത്യാഗി എന്ന ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിയുടെ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ഇത്തരത്തിൽ പരാമർശം നടത്തിയത്.
വസീം റിസ്വി നാല് മാസമായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ എന്താണ് ധർമ സൻസദെന്ന് കോടതി തിരിച്ചു ചോദിച്ചു. തനിക്കറിയില്ലെന്നും കാവി വസ്ത്രം ധരിച്ച ആളുകള്‍ ഒത്തുകൂടി പ്രസംഗിക്കുന്ന വിഡിയോ കണ്ടിട്ടുണ്ടെന്നും അഭിഭാഷകൻ മറുപടി നൽകി. അതിലെ പ്രസംഗങ്ങള്‍ മൊത്തം സാഹചര്യം വഷളാക്കുന്നതാണെന്ന് പറഞ്ഞ കോടതി സമാധാനത്തോടെ ഒത്തൊരുമിച്ചു നിൽക്കൂ, ജീവിതം ആസ്വദിക്കൂവെന്നും പറഞ്ഞു. ആളുകളെ ബോധവത്കരിക്കാന്‍ ഇറങ്ങും മുമ്പ് സ്വയം ബോധവത്കരിക്കണം. അവര്‍ ബോധവാന്മാരല്ലെന്നത് മൊത്തം സാഹചര്യം വഷളാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഉത്തരാഖണ്ഡ് ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ റിസ്വി സമർപ്പിച്ച സ്‌പെഷൽ ലീവ് പെറ്റീഷനിൽ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.2021 ഡിസംബറിൽ ഹരിദ്വാറിലെ വേദ് നികേതൻ ധാമിൽ നടന്ന ധർമ സൻസദ് പരിപാടിയിലാണ് മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.