മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ് ബി.ജെ.പിയെന്ന് മെഹബൂബ മുഫ്തി
text_fieldsശ്രീനഗർ: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. മുസ്ലിം പള്ളികൾക്ക് പിന്നാലെയാണ് ബി.ജെ.പിയെന്നും ഇപ്പോഴവർ ഗ്യാൻവാപി മസ്ജിദാണ് ലക്ഷ്യം വെക്കുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ബി.ജെ.പി ഉന്നം വെക്കുന്ന പള്ളികളുടെ ഒരു ലിസ്റ്റ് പുറത്തുവിടണമെന്നും എല്ലാ ആരാധനാലയങ്ങളും നിങ്ങൾ സ്വന്തമാക്കിയാൽ എങ്ങനെ ശരിയാകുമെന്നും അവർ ചോദിച്ചു. ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. കൂടാതെ മസ്ജിദിനുള്ളിലെ കിണറ്റിൽനിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്ന് മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിറക്കിയിട്ടുണ്ട്.
വീഡിയോ സർവേക്കെത്തിയ കമ്മീഷൻ മസ്ജിദിൽ അംഗ സ്നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് പരാതിക്കാരമനായ അഭിഭാഷകന്‍റെ വാദം. ശിവലിംഗം സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചതായി ആജ് തക്, ഇന്ത്യ ടുഡേ എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
മസ്ജിദിനുമേൽ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാൽ, കമ്മീഷൻ അംഗങ്ങൾ ഇതുവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.