ജമ്മുവിൽ തമ്പടിച്ച് ഭയപ്പെടുത്തി വോട്ടു പിടിക്കുന്നു; മോദിയുടെയും ഷായുടെയും പ്രചാരണത്തിനെതിരെ ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ഹിന്ദു വോട്ടർമാരിൽ തെറ്റായ ഭയം സൃഷ്ടിച്ച് വോട്ടുപിടിക്കാൻ ബി.ജെ.പിയിലെ ഉന്നതർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജമ്മുവിൽ കേന്ദ്രീകരിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല. ജമ്മു-കശ്മീരിൽ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും അധികാരത്തിലെത്തിയാൽ വീണ്ടും ഭീകരവാദം ഉയരുമെന്ന് പറഞ്ഞ് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിനെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് ജമ്മുവിൽ പ്രചാരണം നടത്തുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അബ്ദുല്ല.
ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ഹിന്ദുക്കൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് അവർ കരുതുന്നു. എന്നാലിന്ന് ഹിന്ദുക്കൾ മാറിയിരിക്കുന്നു. ആദ്യം ബി.ജെ.പി രാമന്റെ പേരിൽ വോട്ട് തേടി. ഇപ്പോൾ അതിനായി അവരെ ഭീഷണിപ്പെടുത്തുകയാണെന്നും അബ്ദുല്ല ആരോപിച്ചു. ‘അവർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി. പക്ഷേ തീവ്രവാദം അവസാനിച്ചോ? തീവ്രവാദം വീണ്ടും ഉയർന്നുവരുന്നു. അതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും’ അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ 42ാം ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം നസീംബാഗിലെ മഖ്ബറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു സന്ദർശന വേളയിൽ എൻ.സി-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച ഷായോട് പ്രതികരിച്ച മുൻ മുഖ്യമന്ത്രി, തന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പറഞ്ഞു. ‘ദൈവം ഇച്ഛിച്ചാൽ അവർ വിജയിക്കില്ല. നമ്മുടെ പ്രയത്‌നങ്ങൾ ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കും. ആഭ്യന്തരമന്ത്രി നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നതുപോലെ പലതും പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ, അവർ ആഗ്രഹിക്കുന്ന ആ ഭാരതത്തിന് ഞങ്ങൾ എതിരാണെന്ന് ഞാൻ അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നുഴഞ്ഞുകയറ്റക്കാരല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ മുസ്‍ലിംകൾക്കും തുല്യമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ ഒന്നു വരെ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.