യു.പി.എയെന്ന പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാലാണ് മാറ്റിയത്; പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യു.പി.എയെന്ന പേര് മാറ്റി ഇൻഡ്യയെന്നാക്കിയത് മുമ്പുണ്ടായിരുന്ന പേര് അഴിമതിയുമായി ബന്ധപ്പെട്ടതിനാലാണെന്ന് അമിത് ഷാ പറഞ്ഞു.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും അധികകാലം ഒന്നിച്ച് പോകാനാവില്ല. എണ്ണയും വെള്ളവും പോലെയാണ് ഇരുവരുമെന്നും ഒരു ഘട്ടത്തിൽ വിഘടിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പുതിയ പേരിൽ പുതിയ സഖ്യമുണ്ടാക്കുകയാണ് അവർ ചെയ്തത്. യു.പി.എയെന്ന പേരിൽ 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയത്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിസ്ഥാനം വഹിച്ചിരുന്ന സമയത്ത് കോടികളുടെ അഴിമതി നടത്തി. യു.പി.എയെന്ന പേരുമായി വരാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് അവർ പേരുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ലാലു പ്രസാദ് യാദവിന് മകനെ മുഖ്യമന്ത്രിയാക്കണം. നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകണം. പക്ഷേ ഇത് യാഥാർഥ്യമാവില്ല. കാരണം പ്രധാനമന്ത്രിപദം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ഈ സഖ്യം ബിഹാറിനെ വീണ്ടും ജംഗിൾ രാജിലേക്ക് നയിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഭഗവാൻ രാമനെ ബഹുമാനിക്കാത്തവരാണ് സഖ്യത്തിലുള്ളത്. രക്ഷാബന്ധൻ, ജന്മാഷ്ടമി ദിനങ്ങളിലെ അവധി ഇവർ ഇല്ലാതാക്കി. സനാതനധർമ്മത്തെ ഇവർ രോഗങ്ങളുമായി താരതമ്യം ചെയ്തു. പ്രതിപക്ഷ സഖ്യം രാമക്ഷേത്രം നിർമിക്കുന്നതിനെ എതിർത്തുവെന്നും അമിത് ഷാ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.