'അവർ ജയിൽപുള്ളികളെ പോലെ വന്ന് തിരികെ പോയി'; ജമ്മുവിലെ ടൂറിസം വികസനത്തിൽ ഫാറൂഖ് അബ്ദുല്ല
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിൽ ടൂറിസം വികസിച്ചുവെന്ന കേന്ദ്രസർക്കാറിന്റേയും ബി.ജെ.പിയുടെയും വാദങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ജമ്മുകശ്മീരിലേക്ക് ടൂറിസ്റ്റുകൾ തടവ് പുള്ളികളെ പോലെയെത്തി തിരികെ പോവുകയാണ് ഉണ്ടായതെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെന്ന ബി.ജെ.പി അവകാശവാദത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഹിന്ദു വോട്ടർമാരിൽ തെറ്റായ ഭയം സൃഷ്ടിച്ച് വോട്ടുപിടിക്കാൻ ബി.ജെ.പിയിലെ ഉന്നതർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജമ്മുവിൽ കേന്ദ്രീകരിക്കുകയാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല ആരോപിച്ചിരുന്നു. ജമ്മു-കശ്മീരിൽ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും അധികാരത്തിലെത്തിയാൽ വീണ്ടും ഭീകരവാദം ഉയരുമെന്ന് പറഞ്ഞ് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിനെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് ജമ്മുവിൽ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഹിന്ദു സമൂഹത്തെ ഭീഷണിപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ഹിന്ദുക്കൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് അവർ കരുതുന്നു. എന്നാലിന്ന് ഹിന്ദുക്കൾ മാറിയിരിക്കുന്നു. ആദ്യം ബി.ജെ.പി രാമന്റെ പേരിൽ വോട്ട് തേടി. ഇപ്പോൾ അതിനായി അവരെ ഭീഷണിപ്പെടുത്തുകയാണെന്നും അബ്ദുല്ല ആരോപിച്ചിരുന്നു.
ജമ്മു സന്ദർശന വേളയിൽ എൻ.സി-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച ഷായോട് പ്രതികരിച്ച മുൻ മുഖ്യമന്ത്രി, തന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.