'മഞ്ഞ് ആസ്വദിക്കാൻ സാധിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയണം'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനദിവസം കശ്മീരിൽ മഞ്ഞിൽ കളിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമെതിരെ പരിഹാസവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീകരതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് നേതാക്കൾക്ക് കശ്മീരിൽ മഞ്ഞ് വാരി കളിക്കാൻ സാധിച്ചതെന്നും അതിന് ഇരുവരും പ്രധാനമന്ത്രിയോട് നന്ദി പറയണമെന്നും തരുൺ ചുഗ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമാപനദിവസം ഇരുനേതാക്കളും പരസ്പരം മഞ്ഞ് വാരിയെറിയുന്നതിന്‍റെ ദൃശ്യങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ലാൽ ചൗക്കിൽ പതാക ഉയർത്താൻ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് 70 വർഷമെടുക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. "അനുമതിയില്ലാതെ ജമ്മു കശ്മീരിൽ പ്രവേശിക്കാൻ സാധിച്ചതിനും മറ്റ് പ്രശ്നങ്ങളില്ലാതെ ലാൽ ചൗക്കിൽ പതാക ഉയർത്താൻ സാധിച്ചതിനും ബി.ജെ.പി സർക്കാരിനോട് രാഹുൽ നന്ദി പറയണം"- തരുൺ ചുഗ് പറഞ്ഞു.
സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തിങ്കളാഴ്ചയാണ് സമാപിച്ചത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 75 ജില്ലകളിലൂടെ സഞ്ചരിച്ചാണ് യാത്ര കശ്മീരിലെ ലാൽ ചൗക്കിൽ സമാപിച്ചത്.
ഭാരത് ജോഡോ യാത്ര നടത്തിയത് തനിക്കോ കോൺഗ്രസിനോ വേണ്ടിയല്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണെന്നും റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു. ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര പോലൊരു പരിപാടി നടത്താൻ ബി.ജെ.പി നേതാക്കൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ഒരു ബി.ജെ.പി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജമ്മുകശ്മീരിലെ ജനങ്ങൾ അവരെ അതിന് അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർക്ക് ഭയമായത് കൊണ്ടാണിതെന്നും രാഹുൽ പറഞ്ഞു. 'ജമ്മു കശ്മീരിലെ ജനങ്ങൾ ഗ്രനേഡുകൾ എറിഞ്ഞില്ല, അവരുടെ ഹൃദയം തുറന്നാണ് എനിക്ക് സ്‌നേഹം നൽകിയത്, എന്നെ ആശ്ലേഷിച്ചത്. കുട്ടികളും പ്രായമായവരും എന്നെ സ്‌നേഹത്തോടെയും കണ്ണീരോടെയുമാണ് സ്വീകരിച്ചത്'- രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.