എല്ലാം പാരമ്പര്യമായി ലഭിച്ചവർക്ക് ബിഹാറിന് വേണ്ടി ഞാൻ ചെയ്യുന്നതെന്തെന്ന് അറിയില്ല -നിതീഷ് കുമാർ
text_fieldsപട്ന: പാരമ്പര്യമായി എല്ലാം ലഭിച്ചവർക്ക് താൻ സംസ്ഥാനത്തിനായി ചെയ്തതെന്താണെന്ന കാര്യത്തിൽ ധാരണയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സഖ്യകക്ഷി നേതാവിൽ നിന്ന് രാഷ്ട്രീയ എതിരാളിയായി മാറിയ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ എന്നിവർക്കുള്ള ഒളിയമ്പായാണ് നിതീഷ് കുമാറിൻെറ ട്വീറ്റ്.
''എല്ലാം പാരമ്പര്യമായി ലഭിച്ചവർക്ക് കർത്തവ്യം ചെയ്യുന്നവരുടെ പോരാട്ടത്തെക്കുറിച്ച് അറിയില്ല. ബിഹാറിലെ ഈ പുണ്യഭൂമിയിൽ ഞങ്ങൾ സ്വയം സമർപ്പിച്ചിരിക്കുകയാണ്. സേവനമാണ് എൻെറ മതം'' -നിതീഷ് കുമാർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ പത്രവാർത്തയും ട്വീറ്റിനൊപ്പം പങ്കു വെച്ചിരുന്നു.
''ബിഹാറിൻെറ വികസനത്തിനും സദ്ഭരണത്തിനും അഭിവൃദ്ധിക്കും വേണ്ടി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, അത് തുടരും. ബിഹാറിനെ വികസിത സംസ്ഥാനമാക്കുമെന്നുള്ള ദൃഢനിശ്ചയം ഞങ്ങൾക്കുണ്ട്. അത് തീർച്ചയായും നിറവേറ്റും.'' -മറ്റൊരു ട്വീറ്റിൽ നിതീഷ് കുമാർ വ്യക്തമാക്കി.
തേജസ്വി യാദവും ചിരാഗ് പാസ്വാനും നിതീഷ് കുമാറിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു. തീഷ് കുമാറിന് ബിഹാറിനെ കൈകാര്യം ചെയ്യാൻ സാധിക്കാതായെന്നും അദ്ദേഹം ഇത്തവണ ഭരണത്തിൽനിന്ന് വിടപറയുമെന്ന കാര്യം സുനിശ്ചിതമാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
നിതീഷ് കുമാർ തന്നെ ക്രിക്കറ്റർ എന്ന് വിളിച്ച് പരിഹസിച്ചതിനും തേജസ്വി യാദവ് തിരിച്ചടിച്ചു. ക്രിക്കറ്റിൽ നിന്നും സിനിമയിൽ നിന്നും രാഷ്ട്രീയത്തിേലക്ക് വരാൻ കഴിയില്ലേ എന്നും ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കുമൊന്നും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയില്ലെന്നാണോ നിതീഷ് കുമാർ അർത്ഥമാക്കുന്നതെന്നും തേജസ്വി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.