'ആദ്യ ശമ്പളം ലഭിക്കും മുമ്പേ അവളെ അവർ കൊന്നുകളഞ്ഞു' -ഉത്തരാഖണ്ഡ് പെൺകുട്ടിയുടെ കുടുംബം
text_fieldsന്യൂഡൽഹി: റിസോർട്ട് ജീവനക്കാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് ഉത്തരാഖണ്ഡ്. കുടുംബം പുലർത്താൻ വേണ്ടിയാണ് പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചതെന്നും എന്നാൽ ആദ്യശമ്പളം വാങ്ങുന്നതിന് മുമ്പ് അവളെ അവർ കൊന്നുകളഞ്ഞെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ വേദനയോടെ പറഞ്ഞു.
ചൗരാസ് ഡാമിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്ന പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ പെൺകുട്ടിയുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. അംഗൻവാടിയിൽ ജോലിചെയ്യുന്ന അമ്മയുടെ തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. സാമ്പത്തിക സ്ഥിതി മോശമായതോടെ 12ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം പെൺകുട്ടി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
'വീട്ടിലെ സാമ്പത്തിക സ്ഥിതി കാരണം 12ാം ക്ലാസിനുശേഷം അവൾ പഠനം ഉപേക്ഷിച്ചു. അവൾക്ക് പഠിക്കണമെന്ന് മോഹമുണ്ടായിരുന്നു. കുടുംബം പുലർത്താനായി അവൾ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 10000 രൂപയാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാൽ, ആദ്യത്തെ ശമ്പളം വാങ്ങുന്നതിന് മുമ്പ് അവർ അവളെ കൊന്നുകളയുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു' -ബന്ധുവായ ലീലാവതി പറഞ്ഞു.
ആഗസ്റ്റ് 28നാണ് പെൺകുട്ടി വനന്ത്ര റിസോട്ടിൽ ജോലിയിൽ പ്രവേശിച്ചത്. റിസോർട്ടിൽ തന്നെയായിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ, സെപ്റ്റംബർ 18ന് പെൺകുട്ടിയെ കാണാതായി. റിസപ്ഷനിസ്റ്റിനെ കാണാനില്ലെന്ന് റിസോർട്ട് ഉടമ പുൽകിത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുൽകിതും സഹായികളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത്. റിസോർട്ടിനടുത്തുള്ള കനാലിൽനിന്ന് ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ റിസോർട്ടിലേത് അനധികൃത നിർമാണമാണെന്ന് ആരോപിച്ച് അധികൃതർ റിസോർട്ടിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു. എന്നാൽ, തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ റിസോർട്ടിന്‍റെ ഒരു ഭാഗം പൊളിച്ചു നീക്കിയതെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് സുഹൃത്തിനയച്ച വാട്സ്ആപ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റിസോർട്ട് ഉടമയിൽ നിന്നും മാനേജറിൽ നിന്നും തനിക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാനേജറും റിസോർട്ട് ഉടമയും നിർബന്ധിച്ചുവെന്നും പെൺകുട്ടിയുടെ സന്ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.