'അവർ എന്‍റെ മോനെ കൊന്നു' -ഹൃദയം തകർന്ന് അസമിലെ പൊലീസ് നരനായാട്ടിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം
text_fieldsധോൽപൂർ: മനുഷ്യത്വം മരവിച്ച കൊടുംക്രൂരതക്കായിരുന്നു വ്യാഴാഴ്ച അസമിലെ ധോൽപൂർ സാക്ഷ്യം വഹിച്ചത്. കിടപ്പാടത്തിൽനിന്ന് ആട്ടിയോടിക്കപ്പെട്ട 5,000ഒാളം നിർധന മനുഷ്യർ നടത്തിയ പ്രതിഷേധം അടിച്ചൊതുക്കാൻ പൊലീസ് നരനായാട്ടാണ് നടത്തിയത്. ബി.ജെ.പി സർക്കാറിന്‍റെ വംശീയ ഉൻമൂലന അജണ്ട നടപ്പാക്കുന്ന കൂലിപ്പടയായി പൊലീസ് മാറിയതിന്‍റെ ഭീകര ദൃശ്യങ്ങൾ ലോകം േനരിൽ കണ്ടു.
പൊലീസ് നെഞ്ചിൽ വെടിയുതിർത്ത് കൊന്ന 30കാരന്‍റെ മൃതശരീരത്തിൽ ആഞ്ഞാഞ്ഞ് ചവിട്ടുന്ന സർക്കാർ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയ ഈ ഭീകരതയുടെ മുഖമായി മാറി. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ കാപാലികൻ ചവിട്ടിമെതിച്ചത് മൂന്ന് പിഞ്ചുകുട്ടികളുടെ പിതാവിനെയായിരുന്നു. വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയം കൂടിയായിരുന്നു ലുങ്കിയും ബനിയനും ധരിച്ച മൊഈനുൽ ഹഖ് എന്ന ആ യുവാവ്.
'അവർ എന്‍റെ മോനെ കൊന്നു...!'മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ വാക്കുകൾ മുഴുമിക്കാനാവാതെ ആ വൃദ്ധ പിതാവ് നിലവിളിച്ചു. ''മൃതദേഹം ജെസിബിയില്‍ കെട്ടിത്തൂക്കി വലിച്ചുകൊണ്ടുപോയി... ഏക ആശ്രയമായിരുന്നു അവന്‍. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? ആണെങ്കില്‍ ഞങ്ങളെ അങ്ങോട്ടേക്കയക്കൂ...''-അദ്ദേഹം പറഞ്ഞു.
സമീപം കരഞ്ഞ് തളർന്ന കണ്ണുകളുമായി മൊഈനുലിന്‍റെ അമ്മയും ഭാര്യയും മക്കളുമുണ്ടായിരുന്നു. വൻ പൊലീസ് സന്നാഹം ഇവരുടെ കുടുംബത്തെ തിങ്കളാഴ്ച വീടുകളിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞതാണ്. വ്യാഴാഴ്ച മകനെ കൊന്ന് മൃതദേഹം ചവിട്ടിമെതിക്കുകയും ചെയ്തു. ഇപ്പോൾ ടിൻഷീറ്റ് മേഞ്ഞ താൽക്കാലിക കൂരയിലാണ് കുടുംബത്തിന്‍റെ താമസം. ഏഴും രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളും അഞ്ചുവയസ്സുള്ള ഒരു പെൺകുട്ടിയുമാണ് മുഈനുൽഹഖിനുള്ളത്.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന സിപാജർ റവന്യൂ സർക്കിളിനു കീഴിലെ ധോൽപുർ ഗ്രാമത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ. ഇവിടെ സർക്കാർ ഭൂമി കൈയേറി എന്നാണ് അധികൃതർ പറയുന്നത്. 1500 പൊലീസുകാരുടെ മേൽനോട്ടത്തിൽ 14 മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകൾ പൊളിക്കാൻ തുടങ്ങിയത് പ്രതിരോധിച്ച പ്രദേശവാസികളെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്.
പ്രതിഷേധത്തെ അടിച്ചമർത്തി നാലു പള്ളികൾ അടക്കം ഇവിടെ പൊളിച്ചുമാറ്റി. 1970 മുതൽ തങ്ങൾ ഇവിടെ താമസിക്കുന്നവരാണെന്നും എവിടേക്ക് പോകാനാണെന്നും പ്രദേശവാസികൾ ചോദിക്കുന്നു.
സെപ്റ്റംബർ 18നാണ് കടകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ചതെന്ന് നമ്പർ മൂന്ന് ധോൽപുർ ഗ്രാമത്തിലെ താമസക്കാരനും കടയുടമയുമായ മിർ സിറാജുൽ ഹഖ് (47) പറയുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ 22 കടകൾ പൊളിച്ചുമാറ്റി. കോവിഡ് പകർച്ചവ്യാധിയുടെ നടുവിൽ ഞങ്ങൾ എവിടെ പോകും -സിറാജുൽ ഹഖ് ചോദിക്കുന്നു.
എന്നാൽ, സമാധാനപൂർവം നടന്ന ഒഴിപ്പിക്കലിെൻറ അവസാനം പ്രതിഷേധക്കാർ കല്ലുകളും മുളകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായി പൊലീസ് മേധാവി ആരോപിക്കുന്നു. കൈയേറ്റക്കാരെ ഒഴിപ്പിച്ച് പ്രദേശത്ത് പുതിയ കാർഷിക പദ്ധതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.