ഓടുന്ന ട്രെയിനിൽനിന്ന് പുറത്തെറിയുമെന്ന് അവർ പറഞ്ഞു -ബീഫിന്റെ പേരിൽ ആക്രമിക്കപ്പെട്ട മുസ്‍ലിം വയോധികൻ
text_fieldsമുംബൈ: ജൽഗാവിൽനിന്ന് കല്യാണിലേക്കുള്ള പതിവു ട്രെയ്ൻ യാത്രക്കിടെയാണ് 72 കാരനായ അഷ്‌റഫ് അലി സയ്യിദ് ഹുസൈന് ഒരു പറ്റം യുവാക്കളിൽനിന്ന് ക്രൂര മർദനമേറ്റത്. പൊലീസ് പരീക്ഷക്ക് മുംബൈ വഴി പോവുന്ന ചെറുപ്പക്കാരായിരുന്നു ‘പശുമാംസം’ കടത്തുന്നുവെന്ന് ആരോപിച്ച് പ്രായം പോലും നോക്കാതെ ഹുസൈനെ തല്ലിപ്പരിക്കേൽപിച്ചത്. നിയമത്തിന്റെ സംരക്ഷകരാവാൻ കൊതിക്കുന്ന മനുഷ്യർ ഹുസൈന്റെ രക്തത്തിന് വേണ്ടി പശു സംരക്ഷകരായി രൂപാന്തരപ്പെട്ടു.
കല്യാണിന്റെ പ്രാന്തപ്രദേശത്തുള്ള കൊങ്കോണിൽ താമസിക്കുന്ന മകളുടെ അടുത്തേക്കുള്ള പതിവു സന്ദർശനത്തിനിടെയാണ് ഓർക്കാൻ പോലും ഭയപ്പെടുന്ന വേട്ടക്ക് കഴിഞ്ഞ 30ന് ഹുസൈൻ ഇരയായത്. അവർ മുഖത്തും നെഞ്ചിലും വയറ്റത്തും അടിച്ചു. അസഭ്യം പറഞ്ഞു. ഫോൺ തട്ടിയെടുത്തു. ആക്രമണം റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. താനെ റെയിൽവേ പോലീസ് സ്‌റ്റേഷനിൽ ഹുസൈൻ നൽകിയ പരാതിയെ തുടർന്ന് ആകാശ് അഹ്‌വാദ്, നിലേഷ് അഹിരെ, ജയേഷ് മൊഹിതെ എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും ഒരു ദിവസം കൊണ്ട് ജാമ്യത്തിൽ വിട്ടയച്ചു. ക്രൂരമായ ആക്രമണത്തിന്റെ വ്യക്തമായ വിഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘പുതിയ ഭാരതീയ ന്യായ സൻഹിത’ നിയമങ്ങളിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് അവർക്കെതിരെ കുറ്റം ചുമത്തിയതെന്ന് ‘ദ വയർ’ പോർട്ടലിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടുന്നു.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് ഹുസൈൻ പറയുന്നു. ജൽഗാവിലെ ചാലിസ്ഗാവ് സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം ട്രെയിനിൽ കയറിയത്. ‘നല്ല തിരക്കുണ്ടായിരുന്നു. നാസിക് സ്റ്റേഷനടുത്തെത്തുന്നതുവരെ നിൽക്കുകയായിരുന്നു ഞാൻ. മുകളിലെ ബർത്തിൽ ഇരുന്ന ഒരു പെൺകുട്ടി സീറ്റിൽനിന്ന് ഇറങ്ങിയപ്പോൾ അവിടെ ഇരുന്നു. എന്റെ അരികിൽ നിന്നിരുന്ന 24-25 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ അവനുവേണ്ടി സ്ഥലം ഉണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരാളെ ഞെരുക്കാൻപോലും ഇടമില്ലാത്തതിനാൽ ‘എന്റെ മടിയിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ’ എന്ന് ഞാനവനോട് ചോദിച്ചുപോയി. ഇത് അയാളെയും അടുത്തു നിന്നിരുന്ന കുറച്ചുപേരെയും ചൊടിപ്പിച്ചുവെന്നും വയോധികൻ പറഞ്ഞു.
ഇറങ്ങേണ്ട സ്റ്റേഷനായ കല്യാണിനോടടുക്കുന്നതുവരെ ഹുസൈൻ ഇരിപ്പ് തുടർന്നു. ‘പിന്നീട് ഞാനെന്റെ ബാഗിനടുത്തെത്തി. അതിൽ രണ്ട് പ്ലാസ്റ്റിക് ജാറുകൾ നിറയെ എരുമ മാംസം ഉണ്ടായിരുന്നു. എരുമയുടെ ഇറച്ചി മഹാരാഷ്ട്രയിൽ നിയമവിധേയമാണ്. ബാഗ് തുറന്ന് കാണിക്കാൻ അവർ പെട്ടെന്ന് ആവശ്യപ്പെട്ടു. ബാഗിൽ എന്താണ് ഉള്ളതെന്ന് ചോദിച്ചു. അസഭ്യം പറയാൻ തുടങ്ങി. പുറത്തെടുത്തപ്പോൾ ഇത് പശുവിറച്ചിയാണെന്ന് വാദിച്ചുകൊണ്ട് അവരെന്നെ മർദിക്കാനും അധിക്ഷേപിക്കാനും തുടങ്ങിയെന്ന് ഹുസൈൻ എഫ്.ഐ.ആറിൽ പറയുന്നു.
വണ്ടി കല്യാൺ സ്‌റ്റേഷനിലേക്ക് അടുക്കാൻ തുടങ്ങിയപ്പോൾ സംഘം വീണ്ടും പിന്തുടർന്നു. ‘അവനെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തെറിയൂ’ എന്ന് അവരിൽ ചിലർ പറയുന്നുണ്ടായിരുന്നു. അവരെ ചെറുക്കാൻ ശ്രമിച്ചപ്പോൾ കൂടുതലായി അടിച്ചു. കണ്ണുകളിലും നെഞ്ചിലും ശക്തമായി മർദിച്ചു -ഹുസൈൻ പറഞ്ഞു. അദ്ദേഹത്തോട് സഹതാപം തോന്നിയ ചില യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും അവരുടെ എതിർപ്പൊന്നും വകവെച്ചില്ല. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്നും കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിക്കിടെ പശുസംരക്ഷണത്തിലും ആൾക്കൂട്ട ആക്രമണത്തിലും ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദളുമായുള്ള ബന്ധത്തെക്കുറിച്ചും അവർ വീമ്പിളക്കുന്നുണ്ടായിരുന്നുവെന്ന് ഹുസൈൻ പറഞ്ഞു.
ഒടുവിൽ, ട്രെയിൻ താനെയിൽ എത്തിയപ്പോൾ ഹുസൈൻ ഒരുവിധം ട്രെയിനിൽ നിന്ന് ഇറങ്ങി. സംഘത്തിലുള്ള ചിലരും ഇറങ്ങി അദ്ദേഹത്തോടൊപ്പം റെയിൽവേ പോലീസിന്റെ അടുത്തേക്ക് നടന്നു. തന്നെ മർദിച്ചതായി ഹുസൈൻ പൊലീസിനോട് പറഞ്ഞു. ഹുസൈന്റെ മുഖം അടികൊണ്ട് വീങ്ങിയിരുന്നു. കൺതടം കരുവാളിച്ചു. സംസാരിക്കാൻ പ്രയാസപ്പെട്ടു. എന്നിട്ടും പോലീസ് വയോധികന്റെ ആ അവസ്ഥയെ അവഗണിച്ചു. ആക്രമണം ട്രെയിനിനുള്ളിലെ ഒരു സാധാരണ കലഹമായി ചുരുക്കി. ‘പൊലീസ് സാധാരണ കടലാസിൽ എന്തോ എഴുതി ഒപ്പിടാൻ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അത് വായിക്കാൻ പോലും ഞാൻ അവരോട് ആവശ്യപ്പെട്ടില്ല. ഞാൻ ഒപ്പിട്ടും പോയി-അദ്ദേഹം പറയുന്നു.
ഹുസൈൻ പിന്നീട് മകളുടെ അടുത്തേക്ക് തിരിച്ചു. ‘എന്നോട് കാണിച്ച ദേഷ്യം ഞാൻ ചുമക്കുന്ന മാംസത്തോടാണെന്ന് എനിക്ക് തോന്നി. പ്ലാസ്റ്റിക് ജാറുകളിൽ കണ്ട ഇറച്ചിയോടാണ് ആ ചെറുപ്പക്കാർ വെറുപ്പ് കാണിച്ചത്. ഞാനത് എന്റെ മകളുടെ സ്ഥലത്തോട് ചേർന്ന് ഒഴുകുന്ന ഒരു ജലാശയത്തിലേക്ക് എറിഞ്ഞു. ട്രെയിനിൽ സംഭവിച്ചത് കുടുംബത്തിൽനിന്ന് മറച്ചുവെക്കാനാണ് ആദ്യം ശ്രമിച്ചതെന്ന് ഹുസൈൻ പറയുന്നു. എന്നാൽ അവർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിലൂടെ വിഡിയോ പുറത്തുവിട്ടിരുന്നു.
വിഡിയോകൾ പുറത്തുവന്നതോടെ ആക്ടിവിസ്റ്റുകൾ ഹുസൈനെ നിയമപരമായ മാർഗം സ്വീകരിക്കാൻ നിർബന്ധിച്ചു. ഹുസൈൻ കുടുംബത്തോടൊപ്പം താനെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ധൂലെയിൽനിന്നുള്ള മൂന്ന് പേർക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ ചില വകുപ്പുകൾ പ്രകാരം കേസ് എടുത്തു. നിർണായകമായ ചില വകുപ്പുകൾ ചേർക്കാൻ പൊലീസ് വിമുഖത കാട്ടുകയാണെന്ന് പരാതി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തി.
2018ലെ ഗോസംരക്ഷണ കേസിൽ സുപ്രീംകോടതിയുടെ വിധിയെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ 2022ൽ ഒരു സർക്കാർ പ്രമേയം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് വർഗീയ ചേരിതിരിവ്, അവഹേളനം, മതവികാരങ്ങൾക്കെതിരായ രോഷം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പൊലീസ് ഉൾെപ്പടുത്തിയിരിക്കണമെന്നാണ്. എന്നാൽ, സംഭവത്തിന്റെ വർഗീയ വശം പൂർണമായും പൊലീസ് അവഗണിച്ചു.
വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴും പൊലീസ് സ്വമേധയാ കേസെടുത്തില്ല. എ.ഫ്.ഐ.ആർ ഫയൽ ചെയ്യാൻ ഹുസൈൻ എത്തുന്നതുവരെ അവർ കാത്തിരുന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടർന്ന് ഭയന്ന ഹുസൈൻ കേസ് രജിസ്റ്റർ ചെയ്യാൻ ആദ്യം മടിച്ചു. അദ്ദേഹം പിന്നീട് ധൈര്യം സംഭരിച്ചില്ലായിരുന്നുവെങ്കിൽ പൊലീസ് കേസെടുക്കില്ലായിരുന്നു.
ആക്രമണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷത്തുനിന്ന് പലരും രൂക്ഷമായി പ്രതികരിച്ചെങ്കിലും സംസ്ഥാനം ഭരിക്കുന്നവർ മൗനം പാലിച്ചു. കല്യാണും താനെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ തട്ടകമായിരുന്നിട്ടും അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു വാക്കും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.