അവർ എന്നെ മുഖ്യമന്ത്രിയാക്കണമായിരുന്നു; നവജ്യോത് സിങ് സിദ്ദുവിന്‍റെ വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്‍റെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പഞ്ചാബ് കോൺഗ്രസ് എം.എൽ.എയും മുൻ സംസ്ഥാന അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവിന്‍റെ വിഡിയോ പുറത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ദു ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. അവർ എന്നെ മുഖ്യമന്ത്രിയാക്കണമായിരുന്നുവെന്ന് സിദ്ദു പറയുന്നു.
മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ പരാമർശിച്ചുെകാണ്ടാണ് സിദ്ദുവിന്‍റെ വാക്കുകൾ. സർക്കാരിനെ നയിക്കാൻ തന്നെ അനുവദിക്കുകയാണെങ്കിൽ അത് കൂടുതൽ വിജയത്തിലേക്ക് എത്തുമായിരുന്നുവെന്ന് സിദ്ദു പറയുന്നു. നിലവിലെ പ്രതിസന്ധി 2022ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് പറയുന്ന സിദ്ദു മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പുള്ളതാണ് വിഡിയോ.
അതേസമയം സിദ്ദുവിന്‍റെ പരാമർശങ്ങൾക്കെതിരെ ശിരോമണി അകാലി ദൾ രംഗത്തെത്തി. എസ്.സി വിഭാഗത്തിൽപ്പെട്ട ഒരാൾ മുഖ്യമന്ത്രിയായതിൽ സിദ്ദുവിന് അസൂയയാണെന്നായിരുന്നു അകാലിദളിന്‍റെ പ്രതികരണം. പഞ്ചാബിൽ കോൺഗ്രസിന്‍റെ പരാജയം മറച്ചുവെക്കാൻ ദലിത് കാർഡ് പാർട്ടി പുറത്തെടുത്തു. ഇത് കോൺഗ്രസിന് തന്നെ തിരിച്ചടിക്കുമെന്നും അകാലിദൾ വൈസ് പ്രസിഡന്‍റ് ദാൽജിത് സിങ് ചീമ പറഞ്ഞു.
മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്നു പഞ്ചാബ് കോൺഗ്രസ്. സിദ്ദുവും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിലുള്ള കലാപം അമരീന്ദറിന്‍റെ രാജിയിൽ കലാശിക്കുകയായിരുന്നു. എന്നാൽ, പുതിയ മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നിയെ തെരഞ്ഞെടുത്തതോടെ സിദ്ദുവിന്‍റെ കണക്കുകൂട്ടലുകൾ തെറ്റി. ഇതോടെ അധ്യക്ഷസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സിദ്ദു ഹൈകമാൻഡിന് കൈമാറി. എന്നാൽ രാജി അംഗീകരിക്കാൻ നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല, സിദ്ദുവിനെ നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.