‘തുന്നിവെച്ച മന്ത്രിക്കുപ്പായം എന്തുചെയ്യണമെന്ന് അവർക്കറിയില്ല’: മഹാരാഷ്ട്രയിലെ കുതിരക്കച്ചവടത്തിനിടെ പരിഹാസവുമായി ഗഡ്കരി
text_fieldsമുംബൈ: എൻ.സി.പി പിളർന്ന് ബി.ജെ.പി ക്യാമ്പിലെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ കുതിരക്കച്ചവട രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ‘മന്ത്രിമാരാകാൻ കൊതിച്ചവർ ഇവിടെ കുപ്പായംതുന്നിവെച്ചവരുടെ തിരക്കേറിയതിനാൽ ഇപ്പോൾ സങ്കടത്തിലാണ്. തുന്നിവെച്ച കുപ്പായം എന്തുചെയ്യണമെന്ന് അവർക്കറിയില്ല’ -എന്നായിരുന്നു ഗഡ്കരിയുടെ പരിഹാസം.
നാഗ്പൂർ വിദ്യാപീഠ് ശിക്ഷൺ മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ‘ആളുകൾ ഒരിക്കലും സന്തുഷ്ടരല്ല. എംഎൽഎ ആകാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് നഗരസഭാംഗങ്ങൾ. എംഎൽഎമാരാകട്ടെ, മന്ത്രിയാകാത്തതിൽ അസന്തുഷ്ടരും. മന്ത്രിമാരായവർക്ക് നല്ല വകുപ്പ് ലഭിക്കാത്തതിലാണ് അതൃപ്തി. ഇപ്പോൾ (മന്ത്രിമാർ) ആകാൻ പോകുന്നവർ തങ്ങളുടെ ഊഴം എപ്പോൾ വരും എന്ന് ചിന്തിച്ച് അസന്തുഷ്ടരാണ്. അവർ സത്യപ്രതിജ്ഞാ ചടങ്ങിനായി തുന്നിയ കുപ്പായങ്ങളുമായി തയ്യാറായിരുന്നു. ഇപ്പോൾ മന്ത്രിസ്ഥാന മോഹികളുടെ തിക്കുംതിരക്കുമായതിനാൽ തങ്ലുടെ തുന്നിവെച്ച കുപ്പായങ്ങൾ എന്തുചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്’ -ഗഡ്കരി പരിഹസിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമത വിഭാഗം ജൂലൈ രണ്ടിനാണ് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നത്. അതിനുമുമ്പ് ശിവസേന പിളർന്ന് ഷിൻഡെ പക്ഷം ബി.ജെ.പിയോടൊപ്പം ചേർന്നിരുന്നു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ഷിൻഡെപക്ഷ നേതാക്കൾക്ക് അജിത്പവാറും കൂട്ടരും സഖ്യത്തിൽ വന്നത് തിരിച്ചടിയായേക്കും. ഇത് ശിവസേന എംഎൽഎമാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മുൻ സംസ്ഥാന മന്ത്രിയുമായ പങ്കജ മുണ്ടെ രാഷ്ട്രീയത്തിൽനിന്ന് രണ്ടുമാസത്തേക്ക് ‘അവധി’യെടുത്തത്. ശിവസേന വിമതനായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും തമ്മിലെ കൂടിക്കാഴ്ചയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് ഇടയാക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.