ഒരു സ്ത്രീയെ നേരിടാൻ 20 ഉദ്യോഗസ്ഥർ; പൊലീസ് ഗുസ്തി താരങ്ങളോട് പെരുമാറിയത് അതിക്രൂരമായെന്ന് സാക്ഷി മാലിക്
text_fieldsന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരായാക്കിയ റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജന്തർ മന്തറിൽ നിന്ന് പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് നേരിട്ടത് അതിക്രൂരമായെന്ന് സമരക്കാരിലൊരാളും റിയോ ഒളിമ്പിക് വെങ്കലമെഡൽ ജേതാവുമായ സാക്ഷി മാലിക്. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ 20 പൊലീസുദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്ന് സാക്ഷി പറഞ്ഞു.
ഞങ്ങൾ പൊതു മുതലൊന്നും നശിപ്പിച്ചിട്ടില്ലെങ്കിലും പൊലീസ് ഞങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നു. അവർ വളരെ ക്രൂരമായാണ് ഞങ്ങളോട് പെരുമാറിയത്. ഒരു സ്ത്രീയെ 20 പൊലീസ് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തത്. നിങ്ങൾക്ക് വിഡിയോയിൽ കാണാം.
ഞങ്ങൾക്ക് വേണ്ടി അംബാലയിലെ ഗുരുദ്വാരയിലും മറ്റു സ്ഥലങ്ങളിലും കാത്തു നിൽക്കുന്ന ഞങ്ങളെ പിന്തുണക്കുന്നവരോടായി പറയാനുള്ളത്, ഈ ദിവസം അടുത്ത ചുവട് എന്തായിരിക്കണമെന്ന് ആലോചിക്കാനായാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങൾ പിന്നോട്ടില്ല. പ്രതിഷേധം തുടരും. ഞങ്ങളുടെ അടുത്ത നടപടി എന്താണെന്ന് നിങ്ങളെ അറിയിക്കാം. ഞങ്ങളെ പിന്തുണക്കുന്നത് തുടരുക. - സാക്ഷി പറഞ്ഞു.
ഞായറാഴ്ച പുതിയ പാർലമെന്റ് െകട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കെട്ടിടത്തിന് പുറത്ത് മഹിളാ ഖാപ്പ് പഞ്ചായത്ത് നടത്തുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം. അതിനായി ജന്തർ മന്തറിൽ നിന്ന് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് തടയുകയും ഗുസ്തി താരങ്ങളെ അതിക്രൂരമായി നേരിട്ട് കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും കായിക താരങ്ങളുമടക്കം ഗുസ്തി താരങ്ങളെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിക്കുകയുമുണ്ടായി.
ഞായറാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത താരങ്ങളെ രാത്രി വൈകിയും പിറ്റെദിവസം പുലർച്ചെക്കുമെല്ലാമാണ് വിട്ടയച്ചത്. അതിനു ശേഷം താരങ്ങൾക്ക് ഇതുവരെ കൂടിയിരിക്കാനായിട്ടില്ലെന്നും പരസ്പരം കൂടിയിരുന്ന് അടുത്ത നടപടിയെ കുറിച്ച് തീരുമാനമെടുക്കുമെന്നുമാണ് സമരക്കാരിലൊരാൾ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.