'ടെൻഷനടിക്കരുത്, പണം ഞാൻ മടക്കി നൽകും'; ജവാന്‍റെ വീട്ടിലെ കവർച്ചക്ക് ശേഷം മാപ്പെഴുതി ഒരു കള്ളൻ
text_fieldsഭോപാൽ: ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയി മടങ്ങിയെത്തിയ സ്പെഷ്യൽ ആംഡ് ഫോഴ്സിലെ ജവാൻ രാകേഷ് കുമാർ മൗര്യയുടെ കുടുംബം കണ്ടത് വീടിന്‍റെ പൂട്ട് തകർത്ത ശേഷം മോഷണം നടത്തിയ കാഴ്ചയാണ്. എന്നാൽ മോഷ്ടാവ് അവിടെ ഉപേക്ഷിച്ച് പോയ ഒരു കുറിപ്പാണ് അവരെ ആശ്ചര്യപ്പെടുത്തിയത്.
'ക്ഷമിക്കണം സുഹൃത്തേ, ഒരു അത്യാവശ്യമുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇതു ചെയ്തില്ലെങ്കിൽ എനിക്കെന്‍റെ സുഹൃത്തിനെ നഷ്ടമാകും. ടെൻഷനടിക്കരുത്, എനിക്ക് പണം ലഭിക്കുേമ്പാൾ ഞാൻ അത് തീർച്ചയായും മടക്കി നൽകും. പണത്തിന്‍റെ കാര്യം ഓർത്ത് ടെൻഷൻ ആകരുത്'-കള്ളൻ എഴുതി. മധ്യപ്രദേശിലെ ഭിന്ദിലുള്ള ഭീം നഗറിലാണ് സംഭവം. സ്വർണവും വെള്ളിയുമടക്കം വീട്ടിലെ വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ മോഷണം പോയിട്ടുണ്ട്.
ജവാന്‍റെ വീട്ടിൽ നടന്ന മോഷണമല്ല മറിച്ച് കള്ളൻ ഉപേക്ഷിച്ച് പോയ കുറിപ്പാണ് തലക്കെട്ടുകളിൽ ഇടം നേടിയത്. ഛത്തിസ്ഗഢ് എസ്.എ.എഫിൽ ജവാനായ രാകേഷ് കുമാറിന്‍റെ വീട്ടിൽ ഭാര്യ റീമ മൗര്യയും കുട്ടികളുമാണ് താമസിച്ചിരുന്നത്.
ജൂൺ 30ന് മക്കളെയും കൂട്ടി റീമ പോർസയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ജൂലൈ അഞ്ചിനാണ് റീമയും കുടുംബവും പിന്നീട് മടങ്ങിയെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുറിപ്പ് പരിശോധിച്ചു. കുടുംബവുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമായിരിക്കും കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.