ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളൻ കത്തെഴുതിവെച്ച് മടങ്ങി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചെരിയൽ സർക്കാർ റൂറൽ ബാങ്ക് ശാഖയുടെ ലോക്കറുകൾ തുറക്കാത്തതിനെത്തുടർന്ന് മോഷ്ടാവ് സുരക്ഷാ നടപടികളെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം അയച്ചു. ഒന്നും ലഭിക്കാത്തതിൽ നിരാശനായ മോഷ്ടാവ് കത്തെഴുതിവെച്ച് മടങ്ങുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തി പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളിൽ തിരച്ചിൽ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല.
ഇതേതുടർന്നാണ് പേപ്പറെടുത്ത് അദ്ദേഹം തന്റെ ദുരസ്ഥ എഴുതിവെക്കുന്നത്. 'എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല, അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്' എന്നായിരുന്നു മോഷ്ടാവ് പേപ്പറിൽ കുറിച്ചത്.
മഞ്ചെരിയൽ ജില്ലയിലെ റെസിഡൻഷ്യൽ ഹൗസിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഐ.പി.സി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.