10 അടി നീളത്തിൽ തുരങ്കമുണ്ടാക്കി എസ്.ബി.ഐയിൽ നിന്ന് 1.8 കിലോ സ്വർണം കവർന്നു
text_fieldsലഖ്നോ: 10 അടി നീളമുള്ള തുരങ്കമുണ്ടാക്കി എസ്.ബി.ഐയിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം സ്വർണം കവർന്നു. കാൺപൂരിലെ ഭാനോട്ടി ശാഖയിലാണ് കവർച്ച നടന്നത്. നാല് അടി വീതിയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബാങ്കിലേക്ക് തുരങ്കം നിർമ്മിച്ചത്.
സ്ട്രോങ് റൂമിൽ കടന്ന മോഷ്ടാക്കൾ സ്വർണം സൂക്ഷിച്ചിരിക്കുന്ന സേഫ് തകർത്താണ് മോഷണം നടത്തിയത്. എന്നാൽ, ബാങ്കിൽ സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ ഇവർക്ക് മോഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ പറഞ്ഞു.
പൊലീസും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്കിലേക്കുള്ള തുരങ്കം കണ്ടെത്തിയത്. ബാങ്കിലുള്ള ആരുടേയെങ്കിലും അറിവോടെയാണോ കുറ്റകൃത്യം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചില പ്രാഥമിക സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫിംഗർപ്രിന്റ് ഉൾപ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. സ്വർണം സൂക്ഷിച്ചിരിക്കുന്ന സേഫ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വായ്പക്കായി പണയംവെച്ച 29 പേരുടെ സ്വർണമാണ് നഷ്ടമായതെന്ന് ബാങ്ക മാനേജർ നീരജ് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.